ആലുവ: കൊവിഡ് സ്ഥിരീകരിച്ച യുവതിയെ പന്തളത്തെ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഡ്രൈവർ മാനഭംഗപ്പെടുത്തിയത് സംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് മഹിളാ ഐക്യവേദി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
അർദ്ധരാത്രി യുവതിയെ നഴ്‌സിന്റെ പരിചരണമില്ലാതെ തനിച്ച് ആംബുലൻസിൽ വിട്ടത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണ്. ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. സ്ത്രീകളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും പ്രത്യേക വകുപ്പ് ഉണ്ടാക്കുമെന്ന് പറഞ്ഞ സർക്കാർ ഇതേവരെ അത് ചെയ്തിട്ടില്ല. സംസ്‌കാരിക നായകർ ഈ പീഡനങ്ങളെക്കുറിച്ച് അഭിപ്രായം പറയാത്തത് വളരെ ലജ്ജാകരമാണ്. പ്രതി നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപെടാതെ പഴുതുകളടച്ചുള്ള അന്വേഷണം നടത്തണമെന്ന് ജില്ലാ പ്രസിഡന്റ് ഷീജ ബിജു, ജനറൽ സെക്രട്ടറി കബിത അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.