മൂവാറ്റുപുഴ: കക്കടാശേരി - ചേലച്ചുവട് റോഡ് തകർന്നു. നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലെ പോത്താനിക്കാട് മുതൽ, ഞാറക്കാട് വരെയുള്ള ഭാഗമാണ് പൂർണമായി തകർന്നിരിക്കുന്നത്. മൂവാറ്റുപുഴ നിന്നും ഇടുക്കിയിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. റോഡിലെ പോത്താനിക്കാട് മുതൽ ഞാറക്കാട് വരെയുള്ള ഭാഗം തകർന്നിട്ട് മാസങ്ങളായി. മഴ ശക്തമായതോടെ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. ഇരുചക്രവാഹന യാത്രികർ കുഴികളിൽ വീണ് അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്. റോഡ് അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉയർന്നങ്കിലും പരിഹാരമായിട്ടില്ല. എറണാകുളം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് സംസ്ഥാന പാതയാണ്. എന്നാൽ റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടന്നും ഉടൻ നിർമാണം ആരംഭിക്കുമെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.