ആലുവ: ആലുവ ജില്ലാ ആശുപത്രി പൊതുജനാരോഗ്യവിഭാഗത്തിന്റെ ഇടപെടലിൽ ആലുവ മാർക്കറ്റിൽ വീണ്ടും ഉണ്ടാകേണ്ട കൊവിഡ് വ്യാപനം ഒഴിവായി. കൊവിഡ് വ്യാപനത്തെത്തുടർന്ന് ഒന്നരമാസം പൂട്ടിയിട്ട ശേഷം തുറന്ന മാർക്കറ്റിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ സംഘത്തിൽപ്പെട്ട ഒരാൾക്ക് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചശേഷം മൊബൈൽ സ്വിച്ച് ഒാഫ് ചെയ്തയാളെയാണ് വ്യാപകതിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവ ജില്ലാ ആശുപത്രിയിൽ ആറ് ബംഗാൾ സ്വദേശികൾ കൊവിഡ് പരിശോധന നടത്തിയത്. അടുത്തദിവസം ജില്ലാ കൺടോൾ റൂമിൽ നിന്നും പരിശോധനാഫലം യുവാവിനെ അറിയിച്ചു. തുടർന്ന് മൊബൈൽ ഒാഫ് ചെയ്തതോടെ ഇയാൾ എവിടെയാണെന്നോ എത്രപേർ കൂടെ ഉണ്ടെന്നോ അറിയാതെ ആരോഗ്യവകുപ്പ് വിഷമത്തിലായി. പൊലീസിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ആലുവ സി.ഐ എൻ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ മാർക്കറ്റിലെത്തി അന്വേഷണം നടത്തി. മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയുടെ സഹായത്തോടെ സംഘത്തിലുള്ള മറ്റൊരാളുടെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിലുണ്ടെന്ന് അറിഞ്ഞു.
പൊലീസ് എത്തിയപ്പോഴേക്കും ആ മൊബൈലും ഓഫായി. അവിടെ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളും മുറികളും പൊലീസ് അരിച്ചുപെറുക്കി. അകത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടെത്തിയ ഒരുമുറിയിൽ കൊവിഡ് പോസിറ്റീവായ 18 കാരനെയും കണ്ടെത്തി. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ധരിച്ച ആരോഗ്യ വാളണ്ടിയർ ഇയാളെ ആലുവ യു.സി.കോളേജ് കൊവിഡ് സെന്ററിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്നവരോട് ക്വാറന്റെയിനിൽ തുടരുവാൻ നിർദേശിച്ചു. ഇന്നലെ മുതൽ മാർക്കറ്റിൽ ജോലിയിൽ പ്രവേശിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം.

അനധികൃത ക്വാറന്റെയിൻ കേന്ദ്രങ്ങൾ

ആലുവയിലെ വിവിധ ടൂറിസ്റ്റ്‌ഹോമുകൾ കേന്ദ്രീകരിച്ച് അന്യസംസ്ഥാനതൊഴിലാളികൾക്കായി അനധികൃത ക്വാറന്റെയിൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. ഐ.സിറാജ്, രശ്മി.വി.ആർ, ലിഡിയ സെബാസ്റ്റ്യൻ എന്നിവരാണ് നഗരത്തിലെ ടൂറിസ്റ്റ് ഹോമുകളിൽ പരിശോധന നടത്തിയത്. മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് പലരേയും താമസിപ്പിക്കുന്നതെന്ന് കണ്ടെത്തി. വിവരം ജില്ലാ പൊലീസ് മേധാവിയേയും തൊഴിൽവകുപ്പിനേയും അറിയിച്ചു.
അന്യസംസ്ഥാന തൊഴിലാളികളെ ക്വാറന്റെയിനിൽ പാർപ്പിക്കുന്ന ടൂറിസ്റ്റ് ഹോം ഉടമകളുടെയും ജീവനക്കാരുടെയും യോഗം ഇന്ന് രാവിലെ 11ന് ആലുവ ബ്ലഡ്ബാങ്ക് ഹാളിൽ ചേരും.