കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ 4ാം വാർഡിൽ ഒരു വീട്ടിലെ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തട്ടാംപുറംപടി പ്രദേശം മൈക്രോ കണ്ടെയ്ന്റ്‌മെന്റ് സോണാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിതൻ പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന 4 പേർക്ക് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചതായി രായമംഗലം പഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ അറിയിച്ചു. ഇത്തരത്തിൽ കൊവിഡ് പോസിറ്റീവായ ഒരാൾ പഞ്ചായത്തിലെ എൻ.ആർ.ഇ.ജി ഓഫീസിലെ ജീവനക്കാരനാണ്. അതിനാൽ ഈ ഓഫീസിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി വയ്ക്കുകയും ഇവിടുത്തെ 2 ജീവനക്കാർ ക്വാറന്റൈനിൽ പോകുകയും ചെയ്തു. രായമംഗലം പഞ്ചായത്തിൽ കരിപ്പേലിപ്പടി പ്രദേശത്തും ഒരാൾക്ക് രോഗബാധയുണ്ട്. ഇതിനുമുമ്പ് ബാങ്ക് ജീവനക്കാരിക്ക് കൊവിഡ് ബാധ ഉണ്ടായതിനെത്തുടർന്ന് നാലാം വാർഡ് കണ്ടെയ്മെന്റ് സോണാക്കിയിരുന്നു. ഈ പഞ്ചായത്തിൽ ഇപ്പോൾ 9 പേർക്ക് കൊവിഡ് രോഗബാധയുണ്ട്.