കോലഞ്ചേരി: ഓൺലൈൻ കുടുംബ സംഗമങ്ങളും, നവ മാദ്ധ്യമ പ്രചരണങ്ങളിലും സജീവമായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു സി.പി.എം പ്രചരണത്തിനു തുടക്കം കുറിച്ചു.സമൂഹ മാധ്യമങ്ങളിലെല്ലാം നിറസാന്നിധ്യമാവുകയാണ് പ്രവർത്തകൾ. വാട്‌സാപ്, ഗൂഗിൾ മീറ്റ് തുടങ്ങി മൊബൈൽ ആപ്ലിക്കേഷനുകളും സ്വതന്ത്റ സോഫ്‌റ്റ് വെയറുകളും മുഖേന വോട്ടർമാരുമായി ബന്ധപ്പെടാനാണു ശ്രമം. മുൻപുണ്ടായിരുന്ന ബൂത്ത് യോഗം, കുടുംബ യോഗം എന്നിവയ്ക്കു പകരം ഓൺലൈൻ കുടുംബയോഗങ്ങൾ ഫലപ്രദമാകുമെന്നാണു വിലയിരുത്തൽ. ഗൂഗിൾ മീറ്റിലൂടെ വീടുകൾ കേന്ദ്രീകരിച്ച് നാലോ അഞ്ചോ പേരെ പങ്കെടുപ്പിച്ച് രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തുന്നുണ്ട്. സംസ്ഥാന സർക്കാരിന്റ ഭരണനേട്ടങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനം, കേന്ദ്ര സർക്കാരിന്റെ ജനദ്റോഹ നടപടികൾ എന്നിവ ജനങ്ങളിലെത്തിക്കും. പഞ്ചായത്തുകളിൽ നടപ്പാക്കിയ വികസന പദ്ധതികളും ഇനി നടത്താൻ ഉദ്ദേശിക്കുന്നവയും ഓൺലൈൻ വഴി ജനങ്ങളിലെത്തിക്കുകയാണു രണ്ടാം ഘട്ടം. ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും.ഏരിയ, ജില്ലാ കമ്മിറ്റി അംഗങ്ങളാണ് ഇപ്പോൾ പരിപാടികളിൽ പങ്കെടുക്കുന്നത്.
അഞ്ഞൂറിലധികം വിഡിയോ കോൺഫറൻസുകൾ നടത്തി
പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഇതുവരെ അഞ്ഞൂറിലധികം വിഡിയോ കോൺഫറൻസുകൾ നടത്തി. അതത് ഏരിയ കമ്മിറ്റികൾക്കാണു ചുമതല. സാമൂഹിക അകലം പാലിച്ചുള്ള പ്രവർത്തനങ്ങൾക്കായി വാർഡുകളിൽ 2 വീതം ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ചു. ഓരോ ബൂത്തിലും 4 സ്‌ക്വാഡ്. ഓരോ സ്ക്വാഡും ഓരോ വാടകസാപ്പ് കൂട്ടായ്മയും രൂപീകരിച്ചു. ഒരു പാർട്ടി അംഗത്തിന് പത്ത് വീടുകളുടെ ചുമതലയും നല്കി.വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് പ്രത്യേക സ്ക്വാഡിനും ചുമതലയുണ്ട്.