മൂവാറ്റുപുഴ:കൊവിഡ് റിപ്പോർട്ട് ചെയ്തതിനാൽ , പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കണ്ടൈൻമെന്റ് സോണും ,7,8 വാർഡുകളും പൈങ്ങോട്ടൂർ പഞ്ചായത്ത് നാലാംവാർഡും മൈക്രോ കണ്ടെയ്മെന്റ് സോണുമായ സാഹചര്യത്തിൽ ഉന്നതതല യോഗം ചേർന്നു .ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്ന് തീരുമാനിച്ച കണ്ടെയ്‌മെന്റ് സോണുകൾക്ക് പുറമെ മുഴുവൻ പ്രദേശത്തും നിയന്ത്രണങ്ങൾ കർശനമാക്കാൻ ഉന്നതത യോഗത്തിൽ തീരുമാനിച്ചു. രോഗികളുമായി പ്രൈമറി കോൺടാക്ടിൽ ഏർപ്പെട്ടവരെ ക്വറന്റൈനിൽ പ്രവേശിപ്പിച്ചു. പോത്താനിക്കാട് പഞ്ചായത്തിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ രാവിലെ 7മുതൽ വൈകിട്ട് ഏഴ് വരെ നിജപ്പെടുത്തി. കൂടുതൽ സമ്പർക്ക രോഗികൾ ഉണ്ടാകുമെന്ന നിർദ്ദേശം കണക്കിലെടുത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് തീരുമാനം. ഉന്നതതല യോഗങ്ങൾ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി അബ്രഹാം, പൈങ്ങോട്ടൂരിൽ പ്രസിഡന്റായി തോമസ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ആർ ഡി ഒ ചന്ദ്രശേഖരൻ നായർ ,തഹസീൽദാർ റേച്ചൽ വർഗീസ് , മെഡിക്കൽ ഓഫീസർ ഡോ.സുജേഷ്, ജനപ്രതിനിധികൾ പൊലീസ് ,റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.