കൊച്ചി: സുസ്ഥിര നവീകരണത്തിനും വികസനത്തിനുമുള്ള അനുഭവപരിചയ പഠനത്തിന് അമൃത വിശ്വ വിദ്യാപീഠത്തിന് യുനെസ്‌കോ ചെയർ പദവി നൽകി. വിദ്യാപീഠത്തിനു ലഭിക്കുന്ന രണ്ടാമത്തെ യുനെസ്‌കോ ചെയർ ആണിത്.
അമൃത വിശ്വ വിദ്യാപീഠം അന്തരാഷ്ട്ര പ്രോഗ്രാമുകളുടെ ഡീനും സെന്റർ ഫോർ വയർലെസ് & ആപ്ലിക്കേഷൻസ് ഡയറക്ടറുമായ ഡോ. മനീഷ സുധീറിന്റെ നേതൃത്വത്തിൽ ചെയർ പദവി നാലു വർഷത്തേക്ക് അമൃത വഹിക്കും.
ഈ പ്രോഗ്രാമിലൂടെ സ്‌കോളർഷിപ് മഖേന 100 ഗ്ലോബൽ/ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമൃത ധനസഹായം നൽകും. പി.എച്ച്.ഡി നേടുവാൻ സഹായിക്കുകയും ചെയ്യും.
'ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും' എന്ന പഠനത്തിനാണ് രാജ്യത്ത് ആദ്യമായി യുനെസ്‌കോ ചെയർ പദവി അമൃതയ്ക്ക് ലഭിച്ചത്. ലിവ് ഇൻ ലാബ്‌സ് എന്ന ആശയം ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി ദേവിയുടേതാണ്.
ലിവ് ഇൻ ലാബ്‌സിന്റെ ഭാഗമായി 21 സംസ്ഥാനങ്ങളിൽ അമൃതയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതാണ് യുനെസ്‌കോ ചെയറിന് അർഹരാക്കിയത്.
വിദ്യാഭ്യാസ, ഗവേഷണ ശേഷി മെച്ചപ്പെടുത്തുന്നതിനായി അറിവും വൈദഗ്ദ്ധ്യവും പങ്കിടുന്ന 700 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായി അമൃത സർവ്വകലാശാല മാറും.
പി.ജി അദ്ധ്യാപന പരിപാടികൾ (ജോയിന്റ് പി.എച്ച്.ഡി, ഡബിൾ പി.എച്ച്.ഡി പ്രോഗ്രാമുകളും ഡ്യുവൽ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളും ഉൾപ്പെടെ), ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ഗവേഷണം (വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുള്ള സീഡ് ഗ്രാന്റ് പ്രോഗ്രാം ഉൾപ്പെടെ) കോൺഫറൻസുകൾ, സ്‌കോളർഷിപ്പുകൾ, സുസ്ഥിര വികസനത്തിനുള്ള പരിഹാരങ്ങളുടെ പ്രായോഗികത പരിശോധന എന്നിവയൊക്കെയാണ് അമൃത ചെയറായി നയിക്കുക.
45 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉൾപ്പെടെ 60 പി.എച്ച്.ഡി വിദ്യാർത്ഥികളുള്ള ആദ്യ ബാച്ച് ഉടനെ സർവകലാശാലയുടെ ഭാഗമാകും.