കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ നാലു പ്രതികളെ ചോദ്യം ചെയ്യലിനായി എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി സി.വി. ജിഫ്സൽ (38),മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അബൂബക്കർ പാഴേടത്ത് (61),കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദു ഷമീം (28),മലപ്പുറം സ്വദേശി പി.എം.അബ്ദുൾ ഹമീദ് (54) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. സ്വർണക്കടത്തു നടത്താൻ പണം കണ്ടെത്തിയതും ഇതിനായി ഗൂഢാലോചന നടത്തിയതും അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.അബൂബക്കറിനെ നാളെയും മറ്റു പ്രതികളെ വെള്ളിയാഴ്ചയും തിരിച്ചു കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.