കൊച്ചി: സമയം ഉച്ചയ്ക്ക് ഒരു മണി. രാജനഗരിയിൽ നിന്ന് കൊച്ചി മെട്രോ നഗരഹൃദയത്തിലേക്ക് പാഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും ചേർന്ന് ഓൺലൈനായി പച്ചക്കൊടി വീശിയതോടെയാണ് കൊച്ചി മെട്രോ പേട്ടയിൽ നിന്ന് ആലുവയിലേക്ക് കുതിച്ചത്. ആദ്യ യാത്രക്കാരായി ജനപ്രതിനിധികൾ കൂടിയെത്തിയതോടെ തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിലെ പേട്ട സ്റ്റേഷനിൽ നടന്ന ചടങ്ങിന് മാറ്റു കൂടി. ഇനി മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന്റെ ആശങ്കകളില്ലാതെ ഇനി മെട്രോയിലേറാം. 50 രൂപ നിരക്കിൽ ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെ യാത്രചെയ്യാനാണ് ഇതോടെ അവരമൊരുങ്ങിയത്. മൂന്നു തവണകളായി 6218 കോടി രൂപ ചെലവിലാണ് ആലുവ മുതൽ പേട്ട വരെയുള്ള കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായത്. 1.33 കിലോമീറ്റർ ദൈർഘ്യമുള്ള തൈക്കൂടം -പേട്ട മെട്രോ പാതയുടെ നിർമാണം മാർച്ചിൽ പൂർത്തിയായതാണെങ്കിലും കൊവിഡിനെ തുടർന്ന് കമ്മിഷനിംഗും ഉദ്ഘാടനവും നീളുകയായിരുന്നു. പുതിയ പാത തുറന്നതോടെ കൊച്ചി മെട്രോയുടെ ആകെ ദൈർഘ്യം 25.2 കിലോമീറ്ററായി.
സർവീസുകൾ പുനരാരംഭിച്ചു
ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച മെട്രോ സർവീസുകൾ ഇന്നലെ രാവിലെ ഏഴു മുതൽ പുനരാരംഭിച്ചു. ഉച്ചക്ക് ഒന്നു വരെ ആലുവ മുതൽ തൈക്കൂടം വരെയും ഉച്ചക്ക് രണ്ടിന് ശേഷം പേട്ട വരെയും മെട്രോ സർവീസ് നടത്തി. വൈകിട്ട് ഏഴോടെ സർവീസ് അവസാനിപ്പിച്ചു. ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 7 വരെയും നാളെ മുതൽ സാധാരണ സമയപ്രകാരവുമായിരിക്കും സർവീസ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സർവീസ് പുനരാരംഭിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കിലെ നേരിയ ഇളവും പ്രാബല്യത്തിലായി. ആദ്യദിനം കുറവ് യാത്രാക്കാർ മാത്രമാണുണ്ടായത്.
രണ്ടാംഘട്ടം ഉടൻ
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടനിർമാണത്തിന് ഉടൻ അനുമതി ലഭ്യമാക്കുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ട പാതയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത കമ്മിഷനിങ്ങോടു കൂടി പൂർത്തിയായതായും ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തിനുള്ള ശുപാർശ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ഉടൻ അംഗീകാരം നൽകുമെന്നും ചടങ്ങിൽ അദ്ധ്യക്ഷനായ മുഖ്യമന്ത്രി പറഞ്ഞു. കാക്കനാട് വഴി ഇൻഫോപാർക്കിലേക്ക് രണ്ടാംഘട്ടം എന്ന നിലയിൽ കൊച്ചി മെട്രോ ആരംഭിക്കുന്നതിന് കേന്ദ്ര അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണ്.
ഉന്നതിയിലേക്കുള്ള ചുവടുവയ്പ്പ്:
ഇൻഫോപാർക്കിലേക്ക് മെട്രോ സർവീസ് ആരംഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി കൂടുതൽ ഉന്നതങ്ങളിലെത്തുമെന്നും കേന്ദ്രമന്ത്രിയുടെ ഇക്കാര്യത്തിലുള്ള അനുകൂല നിലപാട് ആശാവഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്.എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള സിവിൽ ജോലികളുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.