ആലുവ: മുപ്പത്തടം പുളിക്കൽ പി.എ. ജയലാലിന്റെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് 30 വയസ് പൂർത്തിയായി. 1989ൽ ലോകത്തിനു മാതൃകയായി കേരളത്തിൽ നടപ്പാക്കിയ സമ്പൂർണ സാക്ഷരതാ യജ്ഞപരിപാടി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ വിജയകരമാക്കിയതിൽ മുന്നണി പോരാളിയാണ് ജയലാൽ. സാക്ഷരതാ പ്രവർത്തനകാലയളവിൽ വയോജനങ്ങളുമായുണ്ടായ സഹവർത്തിത്ത്വം ജീവിതത്തിൽ ഏറെ സ്വാധീനിച്ചതായി ജയലാൽ പറയുന്നു. സാക്ഷരത നേടിയവരുടേയും പ്രവർത്തകരുടേയും അനുഭവങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ച് കൈയ്യെഴുത്ത് മാസിക ജയലാൽ പ്രസിദ്ധീകരിച്ചിരുന്നു. കണിയാംകുന്നിൽ വച്ചാണ് അന്നത്തെ ജില്ലാ കളക്ടർ കെ.ആർ. രാജൻ സാക്ഷരതാപ്രവർത്തകർക്ക് സർട്ടിഫിക്കറ്റ് നൽകിയത്. സി.പി.എം കടുങ്ങല്ലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവും എടയാർ സി.എം.ആർ.എൽ കമ്പനി ജീവനക്കാരനായ ജയലാലിന്റെ സാമൂഹിക-സേവന മണ്ഡലങ്ങൾ നിരവധിയാണ്. വിവിധ പ്രവർത്തനങ്ങളെ മാനിച്ച് മികച്ച ഗ്രാമപഞ്ചായത്ത് അംഗത്തിനുള്ള അവാർഡ്, മികച്ച ലഹരി വിരുദ്ധ പ്രവർത്തനത്തിനുള്ള (മാജിക് ഷോ) പ്രൊഫ. എം.പി. മന്മഥൻ അവാർഡ്, പറവൂർ താലൂക്കിലെ മികച്ച സഹകാരിക്കുള്ള അവാർഡ്, കില അവാർഡ്, സാക്ഷരത, ജനകീയാസൂത്രണം, കാർഷിക മേഖല, പാലിയേറ്റീവ്, രക്തദാനം തുടങ്ങി 25 വർഷത്തെ പ്രവർത്തനത്തിന് അംബേദ്കർ ദളിത് സാഹിത്യ അക്കാഡമിയുടെ 33-ാംമത് ദേശീയ അവാർഡിന് വരെ പി.എ. ജയലാൽ അർഹനായി.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ കിലയുടെ സാമൂഹിക വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ക്ലാസുകൾക്കും ജയലാൽ നേതൃത്വം നൽകുന്നു. ''നമ്മൾ നമുക്കായി'' ദുരനന്തനിവാരണ സമിതിയുടെ പഞ്ചായത്ത് കമ്മിറ്റിയുടെ കോർഡിനേറ്ററുമാണ്. എസ്.സി. പ്രമോട്ടറായി ജോലി ചെയ്യുന്ന ഭാര്യ രമ 1989ൽ സാക്ഷരത പ്രവർത്തകയായിരുന്നു.