വൈപ്പിൻ: മുരിക്കുംപാടം ശ്മശാനത്തിൽ പുതിയതായി സ്ഥാപിച്ച ഗ്യാസ് ക്രിമിറ്റോറിയം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. എസ് ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് 90 ലക്ഷം രൂപയും എളങ്കുന്നപ്പുഴ പഞ്ചായത്ത് 10 ലക്ഷം രൂപയും ചെലവാക്കിയാണ് ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിച്ചത്.
ഓഗസ്റ്റ് പതിനഞ്ചിനും പിന്നീട് സെപ്തംബർ ഒന്നിനും ഉദ്ഘാടനം നിശ്ചയിച്ചിരുന്നുവെങ്കിലും ജില്ലാ പഞ്ചായത്തും എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റും തമ്മിലുള്ള തർക്കം മൂലം മാറ്റി വെച്ചു. ഫണ്ട് മുടക്കുന്നത് ജില്ലാ പഞ്ചായത്തായതിനാൽ ഉദ്ഘാടന പ്രോഗ്രാം തങ്ങളാണ് നിശ്ചയിക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്തും ശ്മശാനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലായതിനാൽ ചടങ്ങിൽ സ്വഗതം പറയേണ്ടത് താനാണെന്ന്
പഞ്ചായത്ത് പ്രസിഡന്റും വാശി പിടിച്ചിരുന്നു. എന്നാൽ ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സോന ജയരാജാണ് സ്വാഗതം പറഞ്ഞത്. അദ്ധ്യക്ഷപ്രസംഗത്തിന് ശേഷം ആമുഖ പ്രസംഗത്തിന് എത്തിയ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണന്റെ പ്രസംഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ജി ഡോണോ , പഞ്ചായത്ത് അംഗം ബെന്നി ബെർണാഡ് എന്നിവരുടെ നേതൃത്വത്തിൽ തടസപ്പെടുത്തി. തുടർന്ന് കയ്യേറ്റശ്രമവും പരസ്പരം വെല്ലുവിളികളും ഉണ്ടായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് , വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലീഫ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി വൈപ്പിൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ജമാൽ , അംഗങ്ങളായ കെ.എസ് രാധാകൃഷ്ണൻ , പി.കെ ബാബു,ബിന്ദു വേണു, സനില പ്രവീൺ , ആർ സി റോസിലി , ഗിരിജ അശോകൻ , സി എക്‌സ് നിക്‌സൺ, ചിത്ര മഹേഷ് എന്നിവർ പങ്കെടുത്തു.