വരാപ്പുഴ : വോളിബാൾ ഇതിഹാസതാരമായിരുന്ന ടി.ഡി. ജോസഫ് എന്ന പപ്പന്റെ സ്മരണാർത്ഥം വരാപ്പുഴയിൽ നിർമ്മിച്ച പപ്പൻ സ്മാരക ഇൻഡോർ സ്റ്റേഡിയം വി.ഡി. സതീശൻ എം.എൽ.എ നാടിന് സർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പപ്പന്റെ ഭാര്യ പുഷ്പം മുഖ്യാതിഥിയായിരുന്നു. ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് മെയ്തീൻ നൈന, വിജു ചുള്ളിക്കാട്, സോമൻ, കൊച്ചുറാണി ജോസഫ്, രാജേഷ് ചിയേടൻ തുടങ്ങിയവർ പങ്കെടുത്തു.
വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും രണ്ട് ഘട്ടമായി അനുവദിച്ച 375 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂർത്തികരിച്ചത്. ഏഷ്യൻ ഗെയിംസിന്റെ എൻജിനിയറിംഗ് വിംഗാണ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത മേപ്പിൾവുഡ് ഉപയോഗിച്ചാണ് സ്റ്റേഡിയത്തിലെ രണ്ട് കോർട്ടുകൾ നിർമ്മിച്ചത്. ഓഫീസ് മുറിയും മാറ്റി സ്ഥാപിക്കാവുന്ന തരത്തിലുള്ള 500 കസേരകളും ഡ്രസിംഗ് റൂം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ശൗചാലയങ്ങൾ എന്നിവ സ്റ്റേഡിയത്തിലുണ്ട്. കോർട്ട് സംരക്ഷിച്ചുകൊണ്ട് വരാപ്പുഴ പഞ്ചായത്തിന് സ്റ്റേഡിയം വാടകയ്ക്ക് കൊടുക്കാനാവും.