പള്ളുരുത്തി: പഷ്ണിത്തോട് പാലത്തിന് സമാന്തരമായി വരുന്ന മധുര കമ്പനി പാലത്തിന് രണ്ടരകോടി അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നാണ് 2016ൽ 2.80 കോടി രൂപ അനുവദിച്ചത്. അഡ്മിനിസ്ട്രേറ്റീവ് അനുവാദം ലഭിച്ചെങ്കിലും ചില സ്വകാര്യ വ്യക്തികളുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ കൊച്ചിൻ കോർപ്പറേഷന്റെ ഭാഗത്തുനിന്നും നടക്കാത്തതാണ് പദ്ധതി തുടങ്ങാൻ താമസമെന്ന് ജോൺ ഫെർണാണ്ടസ് എം.എൽ. എ പറയുന്നു.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ചില നടപടികൾ നടന്നതല്ലാതെ പിന്നെ യാതൊരു അനക്കവുമില്ല. ഈ പാലം വരാതിരിക്കാൻ ചിലർ ചരടുവലികൾ നടത്തുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഈ പാലം യാഥാർത്ഥ്യമായാൽ മാത്രമേ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലം വന്നതിന്റെ യഥാർത്ഥഗുണം പള്ളുരുത്തിക്കാർക്ക് ലഭിക്കുകയുള്ളൂ.
# പ്രതിഷേധ മനുഷ്യപ്പാലം തീർക്കും
ഫണ്ട് വകമാറ്റി ചെലവഴിക്കാനുള്ള അധികാരികളുടെ നീക്കങ്ങൾക്കെതിരെ 20 ന് പള്ളുരുത്തി മധുര കമ്പനി മുതൽ ബ്ലോക്ക് ഓഫീസ് വരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ മനുഷ്യപ്പാലം തീർക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. കൊച്ചി മേയർ മുൻകൈയെടുത്ത് പാലം നിർമ്മാണം തുടങ്ങാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസി നല്ലാപറമ്പിൽ ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു.