ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ നിഷേധിച്ച ഡോക്ടർമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് നടത്തുന്ന അനിശ്ചിതകാലസമരം അവസാനിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാത്രി നടന്ന ചർച്ച അലസി.

മരണകാരണം വിശദമായി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാമെന്ന് കളക്ടർ വാഗ്ദാനം ചെയ്തുവെങ്കിലും സമരക്കാർ വഴങ്ങിയില്ല. തങ്ങൾ കൂടി നിർദേശിക്കുന്നവരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം അധികൃതർ നിരാകരിക്കുകയായിരുന്നു. സമരക്കാരുടെ കൈവശമുള്ള പോസ്റ്റ്മാർട്ടം റിപ്പോർട്ടിന് പുറമെ മറ്റൊരു പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഉണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. സമരം അവസാനിപ്പിച്ചില്ലെങ്കിൽ കൊവിഡ് നിയമം ലംഘിച്ചതിന് ഉൾപ്പെടെ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ടായി. അധികാരികൾ വ്യക്തതയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നതിനാൽ നീതിക്ക് വേണ്ടിയുള്ള സമരം തുടരുമെന്ന് സമര സമിതി കൺവീനർ സുനിൽ സി. കുട്ടപ്പൻ പറഞ്ഞു.

ആലുവ പാലസിൽ രാത്രി എട്ടിനാണ് ചർച്ച ആരംഭിച്ചത്. ജില്ലാ കളക്ടർ എസ്. സുഹാസ്, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ജില്ലാ ആശുപത്രി സൂപ്രണ്ട് കെ. പ്രസന്നകുമാരി, സമരസമിതി ലീഗൽ അഡ്വൈസർ അഡ്വ. കെ.പി. ഷിബി, കൺവീനർ സുനിൽ സി. കുട്ടപ്പൻ, മരിച്ച പൃഥ്വിരാജിന്റെ മാതാവ് നന്ദിനി, ബന്ധു ഉദയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മാതാവ് നന്ദിനി ജില്ലാ ആശുപത്രിക്ക് മുമ്പിലാണ് എസ്.സി, എസ്.ടി ഏകോപന സമിതി നേതൃത്വത്തിൽ രൂപീകരിച്ച പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടത്തുന്നത്.