കൊച്ചി: കേരളത്തിന്റെ ആരോഗ്യരംഗത്തെ ഒന്നാംസ്ഥാനത്ത് തന്നെ നിലനിറുത്താനുള്ള രോഗപ്രതിരോധ യജ്ഞത്തിൽ ഹോമിയോപ്പതി സമൂഹം ഒറ്റക്കെട്ടായി ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കൊപ്പം നിലയുറപ്പിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോമിയോപ്പതി സംസ്ഥാന ജനറൽ സെക്രട്ടറി റജു കരിം അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഹോമിയോ പ്രതിരോധ മരുന്നുകളുടെ ഗുണത്തെപ്പറ്റി പലതവണ പറഞ്ഞുകഴിഞ്ഞു. മരുന്നുകൾ സർക്കാർ, സ്വകാര്യ ഹോമിയോ ഡിസ്പെൻസറികൾവഴി വിതരണം ചെയ്യുന്നുമുണ്ട്

പ്രവാസികളും അന്യസംസ്ഥാനക്കാരും വന്നപ്പോൾ ക്വാറന്റെയിനിൽ കഴിയുന്നവർക്ക് പ്രതിരോധമരുന്ന് നൽകരുതെന്ന വിചിത്രമായ നിർദേശമാകണം കേരളത്തിലെ ഈ രോഗവ്യാപനത്തിന് കാരണമായത്. പ്രതിരോധരംഗത്ത് സജീവമാകേണ്ട ഹോമിയോ ഡോക്ടർമാരെ അലോപ്പതി ചികിത്സ മാത്രമുള്ള കൊവിഡ് സെന്ററുകളിൽ ജോലിക്ക് നിയോഗിച്ചത് വിചിത്രവും അശാസ്ത്രീയവുമാണ്. നടപടി പിൻവലിച്ച് അവരെ സർക്കാർ ഹോമിയോ ഡിസ്പൻസറികളിൽ തിരിച്ചെത്തിക്കണം.

ഓരോ വീട്ടിലും തദ്ദേശ സ്ഥാപനങ്ങൾവഴി പ്രതിരോധമരുന്ന് എത്തിക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കണം. ഓരോമാസവും കൃത്യമായ ബൂസ്റ്റർ ഡോസുകൾ കഴിക്കുന്നുണ്ടെന്ന് വാർഡ് കൗൺസിലർമാരും ആശാപ്രവർത്തകരും ഉറപ്പാക്കണം. സർക്കാരിനെയും സർക്കാർ അംഗീകൃത ചികിത്സാരീതിയെ വിമർശിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധനിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.