അങ്കമാലി:അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ഛയം നാളെ വൈകിട്ട് മൂന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ റോജി.എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹ്നാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവർ മുഖ്യതിഥികളായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ത്രിതലപഞ്ചായത്ത് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരിക്കും.റോജി എം.ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1,80,00000 തുക ഉപയോഗിച്ചാണ് ഓഫീസ് സമുച്ഛയം നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുറമേ സംയോജിത ശിശുവികസന പദ്ധതി പ്രോജക്ട് ഓഫീസ്, ബ്ലോക്ക് ക്ഷീരവികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, താലൂക്ക് വ്യവസായ വികസന ഓഫീസ്, സാക്ഷരതാ മിഷൻ വികസന വിദ്യാകേന്ദ്രം, സ്‌കിൽസ് എക്‌സലൻസ് സെന്റർ തുടങ്ങിയ ഓഫീസുകൾ പ്രവർത്തിക്കുന്നത് ബ്ലോക്ക് ഓഫീസ് സമുച്ഛയത്തിലാണ്. നവീകരണത്തിന്റ ഭാഗമായി രണ്ടാം നിലയിൽ 7500 ചതുരശ്ര അടി വിസ്തൃതിയുള്ള ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുണ്ട്.ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അതിനനുസൃതമായിട്ടുള്ള ആധുനികവത്ക്കരണവും നടത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പി.ടി. പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.