bennybehnan

അങ്കമാലി : റോജി എം. ജോൺ എം.എൽ.എയ്‌ക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന കള്ളപ്രചരണങ്ങളെ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻഎം.പി പറഞ്ഞു. എം.എൽ.എയ്‌ക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന വ്യാജപ്രചരണം തുറന്ന് കാണിക്കുവാൻ യു.ഡി.എഫ് അങ്കമാലി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസും, പാർട്ടി സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ വീടും കേന്ദ്രീകരിച്ച് അന്വേഷണങ്ങൾ നടത്തികൊണ്ടിരിക്കയാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി മൂദ്രാവാക്യം വിളിക്കാൻ റോജി എം. ജോൺ ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.എൽ.എമാർ കാണിച്ച ആർജവം അഭിന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ യു.ഡി.എഫ് നേതാക്കളും, പ്രവർത്തകരും റോജി എം. ജോൺ എം.എൽ.എയെ ഹാരമണിയിച്ച് സ്വീകരിച്ചു. മുൻ എം.എൽ.എ പി.ജെ. ജോയി , കെ.പി.സി.സി നിർവഹക സമിതിയംഗം അഡ്വ. ഷിയോ പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, യു.ഡി.എഫ് കൺവീനർ മാത്യു തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി, ഡി.സി.സി സെക്രട്ടറിമാരായ ഷൈജോ പറമ്പി, പി.വി. സജീവൻ, നഗരസഭാ കൗൺസിലർമാരായ അഡ്വ. സാജി ജോസഫ്, റീത്താ പോൾ, ഷെൽസി ജിൻസൺ, എം.എ.സുലോചന, കെ.ആർ. സുബ്രൻ, റെജി മാത്യു എന്നിവർ സന്നിഹിതരായിരുന്നു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബേബി വി. മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു.