മൂവാറ്റുപുഴ: കൊച്ചി – ധനുഷ്കോടി ദേശീയപാത വീതികൂട്ടി എക്സ്പ്രസ് ഹൈവേ ആക്കാനുള്ള പദ്ധതി ഉപേക്ഷിക്കുന്നു. സ്ഥലം ഏറ്റെടുക്കലും അധിക സാമ്പത്തിക ചെലവുമാണ് പിൻമാറ്റത്തിന് കാരണം. നിലവിൽ
പഴയ നിർദേശം പൂർണമായി ഒഴിവാക്കി കുണ്ടന്നൂർ നിന്ന് മാറാടി നെടുങ്കണ്ടം വഴി ധനുഷ് കോടിയിൽ എത്തുന്ന പുതിയരൂപരേഖ തയ്യാറാക്കിക്കി സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. പട്ടണങ്ങളെ ഒഴിവാക്കിയാണ് പുതിയ രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത്. ഇത് സ്ഥലം ഏറ്റെടുക്കലടക്കം പദ്ധതിയുടെ ചെലവ് ചുരുക്കാൻ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.
മൂവാറ്റുപുഴ, അടിമാലി, മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ ഒഴിവാക്കിയാണ് പുതിയ രൂപരേഖ. ഭാരത് മാലാ ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേയുടെ ഭാഗമായാണ് റോഡ് വികസിപ്പിക്കുന്നത്.ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേകൾക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്ന കൺസൽറ്റൻസിയാണ് പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത്. 12000 കോടി രൂപ മുതൽ 19000 കോടി രൂപ വരെയാണ് പുതിയ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക.
മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴികളും സംസ്ഥാനത്തിനകത്തുള്ള ഹൈവേകളും ചേർന്ന് എട്ട് റോഡുകളുൾപ്പെടെ 418 കിലോമീറ്റർ റോഡിന്റെ നവീകരണമാണ് ഭാരത് മാലാ പദ്ധതിയിൽ കേരളത്തിൽ നിന്നടക്കം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലേറ്റവും വലുത് 120 കിലോമീറ്റർ വരുന്ന കൊച്ചി– ധനുഷ്കോടി റോഡിന്റെ വികസനമായിരുന്നു. നിലവിലെ കൊച്ചി-ധനുഷ് കോടി റോഡ് ഒഴിവാക്കി കുണ്ടന്നൂർ – മാറാടി– നെടുങ്കണ്ടം വഴി പോകുന്ന പുതിയ പാത യാഥാർത്ഥ്യമാകുവാൻ കാത്തിരിക്കേണ്ടിവരും.
കൊച്ചി-ധനുഷ്കോടി റോഡ് ഒഴിവാക്കി , കുണ്ടന്നൂർ -മാറാടി-നെടുങ്ങണ്ടം വഴി പോകുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന പാത അപ്രായോഗികം.
ഡീൻ കുര്യാക്കോസ് എം.പി