കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ ഉൾപ്പെടുന്ന വട്ടയ്ക്കാട്ടുപടിയിൽ കഴിഞ്ഞ ദിവസം നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്ത ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചടങ്ങിൽ പങ്കെടുത്ത 40 പേരുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് ഏഴ് പേരുടെ ഫലം പോസിറ്റീവായത്.
ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ഇവിടെയൊരു വീട്ടിൽ വളയിടൽ ചടങ്ങ് നടന്നത്.
ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കളിൽ ചിലർക്ക് കൊവിഡ് സ്ഥിരീകിരുന്നു. തുടർന്നാണ് സ്രവപരിശോധന നടത്തിയത്. പരിശോധന ഫലം വരാനുണ്ട്.
തട്ടാംപുറംപടിയിൽ ഒരു വീട്ടിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. സ്ഥലം പൊലീസിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ബാരിക്കേഡുപയോഗിച്ച് അടച്ചുകെട്ടി. കീഴില്ലം കുറിച്ചിലക്കോട് റോഡിലെ തട്ടാപുറംപടിയിൽ നിന്ന് കുറുപ്പംപടി വായ്ക്കര റോഡിലേയ്ക്ക് പ്രവേശിക്കുന്ന ടാഗോർ മല റോഡിന്റെ ഇരുഭാഗവുമാണ് അടച്ചുകെട്ടിയത്. രായമംഗലം പഞ്ചായത്തിൽ നിലവിൽ 21 കൊവിഡ് രോഗികളാണുള്ളത്.