kaumudi

ആലുവ: അമ്പാട്ടുകാവിൽ റയിൽവേ തുരങ്കപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്വീകരിക്കുന്നത് മൂക്ക് മുറിച്ച് ശകുനം മുടക്കുന്ന നടപടിയാണെന്ന് ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരീസ് ആരോപിച്ചു. തുരങ്കപ്പാത നിർമ്മാണത്തിന് എല്ലാ വിഭാഗങ്ങളുടെയും അനുമതി ലഭ്യമായിട്ടും റെയിൽവേ നടപടികൾ വൈകിപ്പിക്കുന്നത് റെയിൽവേ തന്നെയാണ്. ഈ സാഹചര്യത്തിൽ റെയിൽവേക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ റെയിൽവേക്ക് നൽകിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സമരം നടത്തുന്നത് പദ്ധതി നടപ്പാക്കാതിരിക്കാൻ മാത്രമാണ്. എസ്റ്റിമേറ്റ് പ്രകാരമുള്ള 1,25,15,955 രൂപ റയിൽവേയിൽ അടച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതാണ്.

മെട്രോ സ്റ്റേഷൻ വന്നതിനാൽ അപ്രോച്ച് റോച്ച് റോഡ് നിർമ്മിക്കുന്നതിന് നാഷണൽ ഹൈവേയുടെ അനുമതി വേണമെന്ന് റയിൽവെ ആവശ്യപ്പെട്ടിരുന്നു. ഇതും പഞ്ചായത്ത് ലഭ്യമാക്കി.വീണ്ടും നിർമ്മാണം വൈകിച്ചതിനാൽ റയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി ജി. സുധാകരൻ റയിൽവേ, നാഷണൽ ഹൈവേ പ്രതിനിധികൾ, എം.എൽ.എ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചു. ഇതിൽ വൈകാതെ നിർമ്മാണം തുടങ്ങാമെന്ന് തീരുമാനിച്ചു. ഈ സാഹചര്യത്തിൽ എം.പിയെ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിക്കാനുള്ള സമ്മർദ്ദം ചെലുത്തേണ്ടതിന് പകരം പദ്ധതി ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.

അതേസമയം നിർമ്മാണം വൈകിയപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് സമരം ഉദ്ഘാടനം ചെയ്ത ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചെയർമാനും സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. അലിയാർ സെക്രട്ടറിയുമായിട്ടായിരുന്നു ആക്ഷൻ കൗൺസിൽ.