പറവൂർ : കൊവിഡിനെ പിടിച്ചുകെട്ടാൻ ഓട്ടോറിക്ഷയിൽ കയറുന്ന യാത്രക്കാർക്ക് ശുദ്ധജലപ്പൈപ്പും ഹാൻഡ് വാഷും ഒരുക്കി പ്രതിരോധം തീർത്തിരിക്കുയാണ് പറവൂർ കുഞ്ഞിത്തൈ ഫെറിക്കടവിലെ ഓട്ടോ ഡ്രൈവർ എയ്ഞ്ചൽ. അത്യുന്നതൻ എന്ന ഓട്ടോയിൽ കയറുന്ന യാത്രക്കാർക്ക് കൊവിഡിനെ പേടിക്കാതെ യാത്ര ചെയ്യാം. അത്രയ്ക്ക് സുരക്ഷയാണ്. യാത്രക്കു മുമ്പും ശേഷവും ഹാൻഡ് വാഷ് ഉപയോഗിച്ച് കൈക്കൾ നന്നായി കഴുകണമെന്ന് എയ്ഞ്ചൽ ഓരോ യാത്രക്കാരോടും നിർദേശിക്കാറുണ്ട്. അതിൽ ഒരു വിട്ടുവിഴ്ചയ്ക്കും തയ്യാറല്ല. തന്നെ കടുപിടിത്തിന്റെ ഗുണഫലങ്ങൾ ഓട്ടത്തിനിടെ യാത്രക്കാരോട് എയ്ഞ്ചൽ ബോധ്യപ്പെടുത്താറുണ്ട്. ആദ്യം സാനിറ്റൈസറായിരുന്നു വെച്ചിരുന്നത്. എന്നാൽ പിന്നീട് ഒരുപടിയുംകൂടി കടന്ന് പൈപ്പ് എന്ന ആശയം രൂപപ്പെട്ടു. ആദ്യം മുകളിൽ ചെറിയ ടാങ്ക് സ്ഥാപിക്കാനുള്ള ശ്രമം വിജയിച്ചില്ല. പിന്നീടാണ് വലിയ പി.വി.സി പൈപ്പ് കൂട്ടികെട്ടിയുണ്ടാക്കിയ ജലസംഭരണിക്ക് രൂപം നൽകിയത്. ഇതിൽ നിന്നും ചെറിയ പൈപ്പിലൂടെ യാത്രക്കാർ കയറുന്ന ഭാഗത്തിനോടുത്ത് ടാപ്പ് പിടിപ്പിച്ചു. പത്ത് ലിറ്ററിലധികം ജലം പൈപ്പു കൊണ്ടാക്കിയ സംഭരണിയിൽ ശേഖരിക്കാനാകും. ഓട്ടം കുറവായതിനാൽ ഒരു ദിവസം ഒന്നോ, രണ്ടോ പ്രാവിശ്യം വെള്ളം നിറക്കേണ്ടി വരികയൊള്ളൂയെന്ന് എയ്ഞ്ചൽ പറഞ്ഞു.