bjp

നെടുമ്പാശേരി: 1.20 കോടി രൂപ ചെലവിൽ പാറക്കടവ് ഗവ. എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ശിലാസ്ഥാപന ചടങ്ങുകൾ ! പാറക്കടവ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫും ബ്ളോക്ക് പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫുമാണ് സ്കൂളിന് മാനക്കേടുണ്ടാക്കുന്ന ശിലാസ്ഥാപന മാമാങ്കങ്ങൾ സംഘടിപ്പിച്ചത്.തിങ്കളാഴ്ച്ച വൈകിട്ട് മൂന്നിന് റോജി എം. ജോൺ എം.എൽ.എയെയാണ് ശിലാസ്ഥാപനം നിർവഹിക്കാൻ ബ്ളോക്ക് പഞ്ചായത്ത് ഔദ്യോഗികമായി ക്ഷണിച്ചിരുന്നത്. എം.എൽ.എയുടെ പൊതുചടങ്ങുകൾ കുറച്ചുനാളായി എൽ.ഡി.എഫ് ബഹിഷ്കരിക്കുന്നുണ്ട്. അതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത പഞ്ചായത്ത് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും ഒരു മണിയോടെ സ്കൂളിലെത്തി ശിലാസ്ഥാപനം നടത്തി മടങ്ങുകയായിരുന്നു. സ്കൂളിന്റെ ദൈനംദിന നടത്തിപ്പ് ചുമതല ഗ്രാമപഞ്ചായത്തിനാണെങ്കിലും കേന്ദ്ര സർക്കാരിന്റെ എം.പി ലാഡ് ഫ്ളഡ് ഫണ്ട് ബ്ളോക്ക് പഞ്ചായത്ത് മുഖേനയാണ് ഉപയോഗിക്കുന്നത്. മുന്നണികളുടെ രാഷ്ട്രീയ പോരിനാണ് സ്കൂൾ അങ്കണം വേദിയാക്കിയത്.

ജനകീയ ഉദ്ഘാടനവുമായി ബി.ജെ.പി

കേന്ദ്ര സർക്കാർ ബ്ളോക്ക് പഞ്ചായത്തുകൾ മുഖേന വിതരണം ചെയ്യുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂൾ മന്ദിരം ശിലാസ്ഥാപന ചടങ്ങ് ഇരുമുന്നണികളും ചേർന്ന് ചേരിതിരിഞ്ഞ് അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജനകീയ ശിലാസ്ഥാപനം സംഘടിപ്പിച്ചു. ഇരുമുന്നണികളും ചേർന്ന് ജനകീയ പദ്ധതിയെ കരിവാരിതേയ്ക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. പാറക്കടവ് 11ാം വാർഡ് കമ്മിറ്റിയുടെ നേത്യത്വത്തിൽ സ്‌കൂൾ പരിസരത്ത് ജനകീയ ശിലാസ്ഥാപനം നടത്തി. പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ് ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ പ്രവീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എ. ദിനേശൻ, സജീവൻ എന്നിവർ സംസാരിച്ചു.