palam
പണിതീരാത്ത വല്ലം കടവ് പാലം

പെരുമ്പാവൂർ: 100 ദിവസത്തെ വികസന പദ്ധതികളിൽ ഉൾപ്പെടുത്തി പെരുമ്പാവൂർ വല്ലം കടവ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം ഉയരുന്നു. പെരുമ്പാവൂർ ആലുവ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ചു പെരുമ്പാവൂർ നഗരസഭയിലെ വല്ലം പ്രദേശത്തേയും കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറം പ്രദേശത്തേയും ബന്ധിപ്പിക്കുന്ന പെരിയാർ നദിക്കു കുറുകെയാണ് ഈ പാലം.

ആലുവ എം.എൽ.എ. അൻവർ സാദത്തിന്റെ പരിശ്രമ ഫലമായാണ് പാലത്തിന് സർക്കാരിൻ നിന്ന് അനുമതി ലഭിച്ചത്. പണ്ട് മുതലേ ഇരു കരകളിലുള്ളവർ ആശ്രയിച്ചിരുന്നത് കടത്തു വഞ്ചികളെ ആയിരുന്നു. കാലവർഷങ്ങളിൽ കുത്തിയൊലിച്ച് പുഴ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന സമയത്ത് ജീവൻ പണയം വച്ചായിരുന്നു യാത്ര. അന്നു മുതലുള്ള കാത്തിരിപ്പാണ് പാലത്തിനു വേണ്ടി. ജനങ്ങൾക്ക് ആശ്വാസമായി അൻവർ സാദത്ത് എം.എൽ.എയുടെ പ്രഥമ വികസന പദ്ധതികളിൽ ഉൾപ്പെടുത്തി പാലം പണിക്ക് അനുമതി ലഭിച്ചു. ഇരു കരകളിലും അപ്രോച്ച് റോഡുകൾ ആവശ്യമായ വീതിയിൽ ഉണ്ട്. കാഞ്ഞൂർ പഞ്ചായത്ത് അതിർത്തിയിൽ നിന്നും പാലം നേരെ കയറി വരുന്ന പെരുമ്പാവൂർ മേഖലയിലെ ഒക്കൽ പഞ്ചായത്ത് അതിർത്തിയിലേക്കാണെങ്കിലും ഇവിടെ നിന്നും തൊട്ടു ചേർന്നുള്ള വല്ലം കടവ് റോഡിലേക്ക് എത്തിചേരുന്നതിനുള്ള റോഡ് നിർമ്മാണത്തിനുള്ള സ്ഥലം സർക്കാർ വാങ്ങിയിട്ടുണ്ട്.

നിർമ്മാണം തുടങ്ങിയിട്ട് അഞ്ച് വർഷം

കഴിഞ്ഞ അഞ്ച് വർഷമായി പണി തീരാതെ പാതി വഴിയിൽ നിൽക്കുകയാണ് വല്ലം കടവ് എന്ന നാമകരണത്തിലുള്ള ഈ പാലം. നിർമ്മാണം പൂർത്തിയാക്കി ഈ സർക്കാറിന്റെ കാലാവധിക്കുള്ളിൽ തന്നെ ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ഇരു കരകളിലുള്ള ജനങ്ങൾ കാത്തിരിക്കുകയാണ് ഈ പാലത്തിനു വേണ്ടി.

അവശേഷിക്കുന്നത് നാല് സ്പാനുകളുടെ നിർമ്മാണം

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പാലത്തിന്റെ മുഴുവൻ തൂണുകളുടേയും, പെരുമ്പാവൂർ ഭാഗത്തെ നാല് സ്പാനുകളുടേയും പഞ്ചായത്ത് അതിർത്തിയിലെ ഒരു സ്പാനിന്റെയും പണി പൂർത്തിയായി കിടക്കുന്നുണ്ട്. ഇനി അവശേഷിക്കുന്നത് നാല് സ്പാനുകളുടെ നിർമ്മാണം മാത്രമാണ്. ആദ്യം പാലം പണിക്ക് കരാർ എടുത്തവർ 2018ലെ പ്രളയത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ അവതാളത്തിലാവുകയും വീണ്ടും സർക്കാർ ഇടപ്പെട്ട് പുതിയ കരാറുകാരെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പാലം പണി എത്രയും വേഗം പൂർത്തിയാക്കുമെന്നു അറിയിച്ചിട്ട് നാളിതുവരെയായിട്ടും നടപടിയായില്ല.