കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നടപ്പാക്കിയ 2.25 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം 10 ന് നടക്കും. മന്ത്രി കെ.കെ. ശൈലജ രാവിലെ 11.30ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
സർക്കാർ മെഡിക്കൽ കോളേജിലും എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബിലുമാണ് വിവിധ പദ്ധതികൾ നടപ്പാക്കിയത്. എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ഒരു കോടി രൂപ ചെലവിട്ടാണ് വെന്റിലേറ്റർ ഉൾപ്പടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചത്. 22 മെഡിക്കൽ ഉപകരണങ്ങളാണ് മെഡിക്കൽ കോളേജിൽ പുതിയതായി എത്തുന്നത്. 70 ലക്ഷം രൂപ ചെലവിട്ട് മെഡിക്കൽ കോളേജിലെ മോർച്ചറി കെട്ടിടത്തിന് സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. 10 ലക്ഷം രൂപാ ചെലവിൽ മോർച്ചറിയിലേക്ക് പുതിയ ഫ്രീസർ യൂണിറ്റും സ്ഥാപിച്ചു.
45 ലക്ഷം രൂപാ ചെലവിട്ട് എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബിലും കൊവിഡ് പരിശോധനകൾക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. 45 മിനിറ്റിൽ കൊവിഡ് പരിശോധനാഫലം ലഭിക്കുന്ന പി.ബി. നാറ്റ് മെഷീനാണ് ലാബിൽ സ്ഥാപിച്ചത്.