ആലുവ: വോട്ടർ പട്ടികയിൽ നിന്നും കൂട്ടത്തോടെ പേര് നീക്കം ചെയ്യാൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ പേരിൽ പഞ്ചായത്തിൽ വ്യാജ പരാതി നൽകിയതായി ആക്ഷേപം. ഇതേതുടർന്ന് വ്യാജ പരാതിക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവായ തോട്ടുമുഖം പള്ളിക്കുഴിയിൽ പി.ഐ. അനസ് ജില്ലാ പൊലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകി. കീഴ്മാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ (തോട്ടുമുഖം ഈസ്റ്റ്) വോട്ടർ പട്ടികയിൽ 36 മുതൽ 55 വരെയുള്ള 20 പേരുടെ വോട്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് അനസിന്റെ പേരിൽ പഞ്ചായത്തിൽ വ്യാജ പരാതി ലഭിച്ചത്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നീക്കം ചെയ്യേണ്ടവരുടെ പേര് വിവരം പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്നലെ പുതിയ വോട്ടർമാരെ ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഹിയറിംഗിന് എത്തിയപ്പോഴാണ് തന്റെ പേരിൽ വ്യാജ പരാതി നൽകിയ വിവരം അനസ് അറിയുന്നത്. അനസിന്റെ വോട്ടർ പട്ടികയിലെ ക്രമനമ്പറും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് ചിലരുടെ പേര് നീക്കം ചെയ്യുന്നതിന് വെൽഫെയർ പാർട്ടി നേതാക്കളുടെ പേരിലും പരാതിയുണ്ട്. ഇതും വ്യാജ പരാതിയാണെന്ന് വ്യക്തമായി. രണ്ട് പരാതികളും ഒരാൾ തന്നെ എഴുതിയതാണെന്ന് കൈയ്യക്ഷരത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. നീക്കം ചെയ്യാൻ ശുപാർശ ചെയ്യപ്പെട്ട വോട്ടർമാരെല്ലാം യു.ഡി.എഫ് അനുകൂലികളായതിനാൽ പിന്നിൽ പ്രവർത്തിച്ചവർ എൽ.ഡി.എഫ് ആണെന്നാണ് അനസ് ആരോപിക്കുന്നത്.