പള്ളുരുത്തി: സർക്കാരിന്റെ നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി ചെല്ലാനത്ത് 19 സ്ഥലങ്ങളിൽ പുലിമുട്ടും കടൽഭിത്തിയും നിർമ്മിക്കാൻ ധാരണയായി. എം.എൽ.എ മാരായ ജോൺ ഫെർണാണ്ടസ്, കെ.ജെ. മാക്സി എന്നിവരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് നടപടി.

ജലവിഭവ -ഫിഷറീസ്- ധനകാര്യ വകുപ്പുകളെ ചുമതല ഏർപ്പെടുത്തി. ആദ്യഘട്ടം എന്ന നിലയിലാണ് 19 സ്ഥലങ്ങളിൽ നിർമ്മാണം നടക്കുന്നത്. ഇതാടൊപ്പം വിജയംകനാൽ, ഉപ്പത്തത്തോട് എന്നിവിടങ്ങളിൽ മണൽമാറ്റി നീരൊഴുക്ക് സുഗമമാക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.

കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് പതിനാറര കിലോമീറ്റർ തീരദേശം വരുന്ന പഞ്ചായത്തിന്റെ ഏകദേശം ഒരു കിലോമീറ്റർ ദൈർഘ്യംവരുന്ന കരഭാഗം ഇതിനോടകം കടലെടുത്തു. പല സ്ഥലങ്ങളിലും 2006ൽ നിർമ്മിച്ച കടൽഭിത്തികൾ തകർന്നടിഞ്ഞു. ജിയോട്യൂബ് നിർമ്മാണം വഴി 8 കോടി രൂപ കടലിൽ കളഞ്ഞത് മിച്ചം. വല്ലാർപാടം, ഇവിടെ 15 ഓളം പ്രദേശത്ത് കടൽഭിത്തി ഇടിഞ്ഞിട്ടുണ്ട്. അര കിലോമീറ്റർ ഇടവിട്ട് 32 പുലിമുട്ടുകൾ എങ്കിലും ഇവിടെ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി ഏകദേശം ഒന്നരക്കോടി രൂപ ചെലവ് വരും. കൈതവേലി, പട്ടാളത്ത് പാലം, സി.എം. എസ്, കട്ടിക്കാട്, ചെറിയകടവ്, കമ്പനിപ്പടി, വാട്ടർടാങ്ക്, ലക്ഷംവീട് കോളനി പരിസരം, പുത്തൻതോട്, കണ്ടക്കടവ്, ചാളക്കടവ്, മറുവക്കാട്, വേളാങ്കണ്ണി, ബസാർ, മാലാഖപടി, ഗൊണ്ടുപറമ്പ്, കമ്പനിപ്പടി, കനോസ കോൺവെന്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് നൂറ് ദിന പദ്ധതി നടപ്പിലാക്കുന്നത്.