കൊച്ചി : പോപ്പുലർ നിക്ഷേപത്തട്ടിപ്പു കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി പൊലീസിനു നിർദേശം നൽകി. പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി അഡ്വ. പി. രവീന്ദ്രൻ പിള്ളയടക്കം നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖകളിൽ നിക്ഷേപകർ സൂക്ഷിച്ചിട്ടുള്ള സ്വർണാഭരണങ്ങളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ ഉൾപ്പെടെ വിശദീകരിക്കാനാണ് ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയത്. ഹർജികൾ സെപ്തംബർ 21 ന് വീണ്ടും പരിഗണിക്കും.
അഡ്വ. പി. രവീന്ദ്രൻ പിള്ള പത്തുലക്ഷം രൂപയാണ് പോപ്പുലർ മറൈൻ പ്രോഡക്ട്സ് എന്ന കമ്പനിയിൽ നിക്ഷേപിച്ചത്. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും രാജ്യത്തിനകത്തും പുറത്തുമായി ഇൗ പണം പ്രതികൾ നിക്ഷേപിച്ചിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. പൊലീസ് അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.