കോലഞ്ചേരി: ബൈക്കിലെ സാഹസിക യാത്രയ്ക്കും അഭ്യാസ പ്രകടനങ്ങൾക്കും പൂട്ടിടാനുള്ള പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. നവ മാദ്ധ്യമങ്ങളിലെ ലൈക്കിനും ഷെയറിനും വേണ്ടിയുള്ള ബൈക്കഭ്യാസങ്ങളുടെ ചിത്രീകരണങ്ങൾ കണ്ടെത്തി കുടുക്കുകയാണ് ആദ്യപടി. സാഹസികമായും സുരക്ഷാ സംവിധാനങ്ങളില്ലാതെയും ബൈക്ക് ഓടിക്കുകയും ചലച്ചിത്രഗാനങ്ങളുടെ അകമ്പടിയോടെ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി.
നിയമലംഘനമായ ബൈക്കോട്ടത്തിന് പെരുമ്പാവൂർ മേഖലയിൽ ഇതിനകം നിരവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്തവർ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ രക്ഷിതാക്കളെയും വാഹന ഉടമകളെയും വലയ്ക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് ഓർമിപ്പിക്കുന്നു. പ്രായ പൂർത്തിയാകാത്ത ആൾ പിടിയിലായാൽ 25 വയസിനുശേഷമേ അയാൾക്ക് ലൈസൻസിന് അപേക്ഷിക്കാനും കഴിയൂ.
നടപടികൾക്ക് ഫോട്ടോ മാത്രം മതി
വാഹന പരിശോധന കമ്പ്യൂട്ടർ വത്കരിച്ചതിനാൽ ഇനിയുള്ള നടപടികൾക്ക് ഫോട്ടോ മാത്രം മതിയാകും. നിയമ നടപടികൾ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ലഘൂകരിച്ചിരിക്കുന്ന സംവിധാനമാണ് ' ഇ ചലാൻ' ഇതു വഴി പിഴയീടാക്കാം. പിടിക്കപ്പെട്ട് പിഴ അടയ്ക്കാൻ വൈകിയാൽ വാഹനത്തിന്റെ നമ്പർ ഓൺലൈനായി കോടതി നടപടികൾക്ക് കൈമാറി, ബ്ലാക്ക് ലിസ്റ്റിൽ പെടുത്തും.
കെ.കെ സുരേഷ് കുമാർ, ജോയിന്റ് ആർ.ടി.ഒ, പെരുമ്പാവൂർ
നമ്പർ പ്ലേറ്റുകൾ മാറ്റിയാൽ പിഴ
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ 2019 മുതൽ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റുകളാണ്. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള യു.ഐ.ഡി സ്‌കാൻ ചെയ്താൽ വാഹനത്തിന്റെ എല്ലാ വിവരങ്ങളും അറിയാം. മോട്ടാർവാഹനവകുപ്പിന്റെ പി.ഒ.എസ് പരിശോധനയ്ക്ക് ഈ നമ്പർ പ്ലേറ്റ് മാത്രം മതി. ഇത്തരം നമ്പർ പ്ലേറ്റുകൾ വാഹനത്തിൽനിന്ന് ഊരിമാറ്റാൻ ശ്രമിക്കുന്നതുപോലും പിഴയീടാക്കാവുന്ന കുറ്റമാണ്.
രൂപമാറ്റം വരുത്തിയാലും പണി കിട്ടും
ഹാൻഡിൽ ബാർ, സൈലൻസർ, ഷോക്ക് അബ്‌സോർബർ, ലൈറ്റുകൾ, സാരി ഗാർഡ്, മഡ് ഗാർഡ്, ചെയിൻ കവർ, സ്റ്റിക്കറുകൾ എന്നിവയിലാണ് സാധാരണയായി രൂപമാറ്റം വരുത്തുന്നത്. ഇവയെല്ലാം നിയമവിരുദ്ധമാണ്. ന്യൂജെൻ ബൈക്കുകളിൽ രൂപമാറ്റം വരുത്തുന്ന ചിലർ നമ്പർ പ്ലേറ്റ് മറയ്ക്കാനും സംവിധാനമൊരുക്കും. വാഹന പരിശോധനാ സംഘത്തെ കണ്ടാൽ ഉടൻ നമ്പർ പ്ലേറ്റ് അകത്തേക്ക് മടക്കുന്ന വിജാഗിരി സംവിധാനമാണിത്. നമ്പർ പ്ലേറ്റ് മടക്കാനുള്ള ലിവർ ഹാൻഡിലിൽ തന്നെ ഘടിപ്പിച്ചവരുമുണ്ട്.