കളമശേരി: പതിറ്റാണ്ടിലേറെ ജനങ്ങൾ കാത്തിരുന്ന ഏലൂർ ടൗൺ ഹാൾ എന്ന സ്വപ്നം ഉദ്ഘാടത്തിന്റെ പേരിൽ കുളമായി. അഴിമതി ആരോപണങ്ങളിലും തർക്കങ്ങളിലും കേസുകളിലും ചട്ടലംഘനങ്ങളിലുംപെട്ട് പത്ത് വർഷത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്നു ടൗൺഹാൾ പണി. തർക്കങ്ങളുടെ ഭാഗമായി ഉദ്ഘാടന ചടങ്ങിൽ നിന്ന് മേഖലയിലെ പ്രമുഖ സി.പി.എം നേതാക്കൾ വിട്ടുനിൽക്കുകയും ചെയ്തു.

ഉദ്ഘാടനശിലാഫലകത്തിന്റെ പേരിലും നിർമ്മാണ മേൽനോട്ടചുമതല മുനിസിപ്പൽ കൗൺസിലോ, പാർലമെന്ററി പാർട്ടി യോഗമോ അറിയാതെ തൊട്ടടുത്ത വാർഡിലെ കൗൺസിലറെ ഏൽപ്പിച്ചതിന്റെ പേരിലും ഇടതുമുന്നണിയിൽ കലാപമാണിപ്പോൾ. പണി പൂർത്തിയാകാത്ത ടൗൺ ഹാൾ തിരക്കിട്ട് ഉദ്ഘാടനം ചെയ്തതും ഫലിതമായി.

ടൗൺ ഹാളിനു മുന്നിൽ സ്ഥാപിച്ച ശിലാഫലകത്തിൽ പ്രോട്ടോകോൾ ലംഘിച്ച് തൊട്ടടുത്ത വാർഡിലെ കൗൺസിലറുടെ പേരിനാണ് പ്രാമുഖ്യം കൊടുത്തത്. ആരോപണമുയർന്നപ്പോൾ അത് തിരുത്തി സ്ഥാപിക്കാൻ കൗൺസിലിൽ തീരുമാനമായി. ടൗൺ ഹാൾ നിർമ്മിക്കുന്ന പാതാളത്തെ കൗൺസിലർ മുസ്ളീം ലീഗുകാരിയാണ്.

ടൗൺഹാൾ നിർമ്മാണ മേൽനോട്ടം തൊട്ടടുത്ത വാർഡിലെ എൽ.ഡി.എഫ് കൗൺസിലർ ജോസഫ് ഷെറിയെ ഏല്പിച്ചതിനെ ചൊല്ലിയും വിവാദം കൊഴുക്കുകയാണ്. മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ അങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ഭരണ, പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നത്തിൽ ചെയർപേഴ്‌സണും പ്രതിരോധത്തിലായി.

എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി തീരുമാനമെന്നായി പിന്നീട് വിശദീകരണം. പിന്നാലെ പാർലമെന്ററി പാർട്ടിയും ഈ തീരുമാനമെടുത്തിട്ടില്ലെന്ന വിവരവും പുറത്തുവന്നു.

ജോസഫ് ഷെറി പാർട്ടിയുമായി ആലോചിക്കാതെ തന്നിഷ്ടപ്രകാരം പത്രക്കുറിപ്പ് കൊടുത്തതും ലക്ഷങ്ങൾ ചെലവാക്കി പത്ര പരസ്യം ചെയ്തതും ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിവച്ചു.

ടൗൺ ഹാൾ ഉദ്ഘാടനത്തിന്റെ നേട്ടം സ്വന്തമാക്കാൻ കവലകൾ തോറും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതും ഇടതുമുന്നണിയിൽ കലഹത്തിന് കാരണമായിട്ടുണ്ട്.

മുൻ എംപിയും പാർട്ടി ജില്ലാ സെക്രട്ടറിയുമായ പി രാജീവ്, 2009 ൽ കെട്ടിട നിർമ്മാണത്തിന് തറക്കല്ലിടുമ്പോൾ അദ്ധ്യക്ഷത വഹിച്ച മുൻ എം.എൽ.എ എ.എം. യൂസഫ്, ഏലൂർ ഈസ്റ്റ് വെസ്റ്റ് ചുമതലകളുള്ള ബ്രാഞ്ച് സെക്രട്ടറിമാർ മുതിർന്ന നേതാക്കൾ ഉൾപ്പടെ ചടങ്ങിൽ പങ്കെടുത്തില്ല. ബി.ജെ.പിക്കാരും കോൺഗ്രസിന്റെ ഒരു വിഭാഗം നേതാക്കളും വിട്ടുനിന്നു.