kerala

കൊച്ചി: കൊവിഡ് മഹാമാരിക്കെതിരെ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച പ്രതിരോധ നടപടികളെക്കുറിച്ചു നടത്തിയ ദേശീയ സർവേയിൽ കേരളത്തിന് മികവ്. കൊച്ചി ആസ്ഥാനമായ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് കേരളത്തിൽ നിന്നുള്ളവർ സർക്കാരിന്റെ പ്രവർത്തനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ തയ്യാറെടുപ്പുകളെക്കുറിച്ചും പ്രതിസന്ധി നേരിടുന്നതിനുള്ള സർക്കാരിന്റെ കാഴ്ചപ്പാടുകൾ മനസിലാക്കുന്നതിനും ജനങ്ങളുടെ ധാരണകൾ, പ്രതിരോധ ശീലങ്ങൾ, സർക്കാരുകളുടെ പ്രതിരോധ നടപടികൾ എന്നിവയും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. ലോക്ക് ഡൗണിന് മുമ്പും ലോക്ക് ഡൗൺ ഘട്ടത്തിലും ജനങ്ങളുടെ യാത്രാരീതികളെക്കുറിച്ച് പരിശോധിക്കുകയും പൊതുഗതാഗതത്തെക്കുറിച്ചുള്ള ആളുകളുടെ ധാരണയിൽ വന്നമാറ്റം വിലയിരുത്തുകയും ചെയ്തു.

പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ നടപടികൾക്ക് 5 ൽ 4.11 ശരാശരി റേറ്റിംഗ് ലഭിച്ചു. കേരള സർക്കാറിന്റെ സമയോചിതമായ ഇടപെടലുകൾ മൂലം അണുബാധ നിരക്ക് കുറയ്ക്കാനായതാണ് ഇതിന് കാരണം. മറ്റ് സംസ്ഥാന സർക്കാരുകളുടെയും ആകെ ശരാശരി റേറ്റിംഗ് 3.32 ആണ്.

അൺലോക്ക് ഒന്നാംഘട്ട കാലയളവിൽ ജൂൺ 16 മുതൽ 30 വരെ ഇന്ത്യയിൽ 500 പേർക്കിടയിലാണ് സർവേ നടത്തിയത്. ഫെബ്രുവരി മുതൽ ഇന്ത്യയിൽ താമസിക്കുന്ന 18 വയസിന് മുകളിലുള്ളവരും 22 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ളവരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 41 ശതമാനം പേർ കേരളത്തിൽ നിന്നുള്ളവരാണ്.

പ്രധാന കണ്ടെത്തലുകൾ

സമ്പദ്‌വ്യവസ്ഥക്ക് സാരമായ ആഘാതം

ലോക്ക് ഡൗൺ അനിവാര്യമായിരുന്നു

കേന്ദ്രത്തെക്കാൾ സംസ്ഥാന നടപടി തൃപ്തികരം

പ്രതിരോധനടപടികൾ ജനങ്ങൾ സ്വീകരിച്ചു

പ്രതിരോധശീലത്തിൽ സ്ത്രീകളാണ് മുന്നിൽ

ആരോഗ്യസംവിധാനങ്ങളിൽ വിശ്വാസം കൂടി

രോഗത്തിന്റെ ആശങ്ക സ്ത്രീകൾക്ക് കൂടുതൽ

വ്യായാമവും ശരീരീകാദ്ധ്വാനവും കുറഞ്ഞു

മാനസികാരോഗ്യത്തിൽ ഇടിവ് സംഭവിച്ചു

നാലിൽ ഒരാൾക്ക് ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടു

സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് വർദ്ധിച്ചു

പൊതുഗതാഗതം സുരക്ഷിതമല്ലെന്ന് 10 ൽ ആറുപേർ

10 ൽ രണ്ടുപേർ സ്വന്തം വാഹനം വാങ്ങാൻ ഒരുങ്ങുന്നു

കൊവിഡ് വിവരങ്ങൾക്ക് ടി.വി, പത്രങ്ങളെ ആശ്രയിച്ചു