കൊച്ചി: ഓണക്കിറ്റിലെ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം കാച്ചി സർക്കാരിന് പപ്പടസദ്യ വിളമ്പി ബി.ജെ.പി ഒ.ബി.സി മോർച്ചയുടെ പ്രതിഷേധം. സപ്ലൈകോ എറണാകുളം മേഖലാ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുണനിലവാരം പരിശോധിക്കാതെ ലാഭംമാത്രം മുന്നിൽക്കണ്ട് ഓണക്കിറ്റ് തയ്യാറാക്കി അഴിമതിക്ക് കളമൊരുക്കുകയാണ് സർക്കാർ ചെയ്തതെന്ന് എസ്. ജയകൃഷ്ണൻ പറഞ്ഞു. പപ്പടവും ശർക്കരയും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത് ഉപയോഗശേഷമാണ്. 500 രൂപയുടെ ഓണക്കിറ്റെന്ന് പറഞ്ഞതിൽ 350 രൂപയുടെ വസ്തുക്കൾ മാത്രമായിരുന്നു. കേന്ദ്രസർക്കാർ മാതൃകയിൽ ധനസഹായം നേരിട്ട് ജനങ്ങൾക്ക് ബാങ്ക് വഴി നൽകാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. കെ.എസ്. ഷൈജു, ഇ.ടി. നടരാജൻ, വിഷ്ണു പ്രവീൺ, എൻ.വി. സുധീപ്, കെ.ടി ബൈജു, ദീപക് കെ.എസ്, ജലജ എസ്. ആചാര്യ, ജീവൻലാൽ രവി എന്നിവർ പങ്കെടുത്തു.