കൊച്ചി: നഗരസഭയിലെ കരാറുകാരുടെ കുടിശിക ഓണം കഴിഞ്ഞ് നൽകാമെന്ന കഴിഞ്ഞ കൗൺസിലിന്റെ തീരുമാനം ചില ഉദ്യോഗസ്ഥരും ഭരണാധികാരികളും അട്ടിമറിക്കുകയാണെന്ന് കൊച്ചി കോൺട്രാക്ടേഴ്സ് ഫോറം കുറ്റപ്പെടുത്തി. നിലവിലെ കൗൺസിലിന്റെ കാലഘട്ടത്തിൽ ചെയ്തുതീർത്ത പണികളുടെ 37 മാസത്തെ നൂറു കോടി രൂപയാണ് കരാറുകാർക്ക് നൽകാനുള്ളത്. ഇതിൽ അഞ്ചുകോടി ഈമാസമാദ്യം നൽകാമെന്ന് ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ അമിതതാത്പര്യം കാണിക്കുന്ന നഗരസഭ കരാറുകാരെ കബളിപ്പിക്കുകയാണെന്ന് ഫോറം പ്രസിഡന്റ് കുമ്പളം രവിയും സെക്രട്ടറി കെ.എ. സെയ്തുമുഹമ്മദും കുറ്റപ്പെടുത്തി.
സെക്രട്ടറി അവധിയിൽ പ്രവേശിച്ചതോടെ കരാറുകാർ ഉൾപ്പടെയുള്ളവരുടെ ഫയലുകൾ ഒപ്പിടുന്ന കാര്യങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പകരം അഡീഷണൽ സെക്രട്ടറിക്ക് ചുമതല നൽകിയെങ്കിലും അദ്ദേഹവും ഫയലുകളിൽ തീർപ്പുകൽപ്പിക്കുന്നില്ലെന്ന് അവർ ആരോപിച്ചു. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെയും പ്ളാൻഫണ്ടിന്റെയും തുക കിട്ടാത്തതും കരാറുകാരെ പ്രതിസന്ധിയിലാക്കി. ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റിന്റെ ബില്ലുകളും മാറി നൽകിയിട്ടില്ല. കരാറുകാരുടെ കുടിശിക തുക ഉടനടി നൽകിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.