anas
അനസ്

ആലുവ: നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാത്തലവൻ വെങ്ങോല നെടുന്തോട് പുത്തൻപുര വീട്ടിൽ (പാലയ്ക്കൽ) അൻസീർ എന്ന അനസിനെ (36) വീണ്ടും കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കാട്ടുകരയിലെ ലോഡ്ജിൽ വച്ച് ഇബ്രാഹിം എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും നോർത്ത് പറവൂരിൽ ഹാരിഷ് മുഹമ്മദ് എന്നയാൾ ആത്മഹത്യ ചെയ്ത കേസിലും ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെയാണ് അറസ്റ്റ്. 2019 ൽ ഇയാൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ജയിൽ മോചിതനായ അനസ് തുടർന്നും കേസുകളിൽ പ്രതിയായതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഇയാൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിക്കുകയായിരുന്നു. പെരുമ്പാവൂർ ഉണ്ണിക്കുട്ടൻ കൊലപാതകക്കേസ്, ആത്മഹത്യ പ്രേരണക്കുറ്റം, പുക്കടശ്ശേരി റഹിം വധശ്രമക്കേസ്, അനധികൃതമായി ആയുധം കൈവശം വച്ച കേസ്, തട്ടിക്കൊണ്ടു പോകൽ, സംസ്ഥാനത്തിനകത്തും പുറത്തും സ്ഥലമിടാപാടുകൾ, ഒത്തുതിർപ്പ്, സ്വർണ്ണക്കടത്ത് തുടങ്ങി പ്രമാദമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. പറവൂർ കവലയിലെ ലോഡ്ജിൽ നടന്ന വധശ്രമ കേസിൽ കഴിഞ്ഞ മെയ് 10 മുതൽ കാക്കനാട് സബ് ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. കൂടാതെ നോർത്ത് പറവൂരിൽ ആത്മഹത്യ പ്രേരണാക്കുറ്റവുമായി ബന്ധപ്പെട്ടും ഇയാൾ ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുകയാണ്. കാശ്മീർ റിക്രൂട്ട്‌മെന്റ് കേസിൽ രണ്ടു വർഷം ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. അനസിന്റെ കൂട്ടാളികൾക്കെതിരെയും കാപ്പ പ്രകാരം നടപടികളാരംഭിച്ചിട്ടുണ്ട്.