കൊച്ചി: ശ്വാസകോശത്തിൽ കുടുങ്ങിയ ദന്തൽക്യാപ്പ് ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാർ നീക്കംചെയ്തു. പറവൂർ കൊങ്ങോർപ്പിള്ളി സ്വദേശി വിനോജി (43) ന്റെ ശ്വാസകോശത്തിൽ നിന്നാണ് പൾമണറി മെഡിസിൻ വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. പ്രവീൺ വത്സലന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ദന്തൽക്യാപ്പ് നീക്കിയത്.

ആറു മാസം മുമ്പാണ് വിനോജിന് തുടരെ ചുമയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടത്. ന്യുമോണിയയായി മാറിയപ്പോഴാണ് മെഡ്സിറ്റിയിലെ പൾമണറി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. സി.ടി സ്‌കാൻ പരിശോധനയിൽ രോഗിയുടെ ശ്വാസകോശത്തിൽ എന്തോ വസ്തു കുടുങ്ങിക്കിടക്കുന്നതായി സംശയം തോന്നി. എൻഡോസ്‌കോപ്പിയിൽ ശ്വാസകോശത്തിൽ ദന്തൽ ക്യാപ്പാണ് കുടുങ്ങിയതെന്ന് കണ്ടെത്തി. ബ്രോങ്കോസ്‌കോപ്പിയിലൂടെ ക്യാപ്പ് നീക്കി. പൂർണമായി സുഖം പ്രാപിച്ച വിനോജ് ആശുപത്രി വിട്ടതായി ഡോ. പ്രവീൺ വത്സലൻ അറിയിച്ചു.