മൂവാറ്റുപുഴ: മുട്ടത്തോടിനുള്ളിൽ രാഷ്ട്രപിതാവിന്റെ ചിത്രം വരച്ച് പോത്താനിക്കാട് സ്വദേശി അജയ് വി.ജോൺ സ്വന്തമാക്കിയത് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സ് ! ലോക്ക് ഡൗണിൽ തുടങ്ങിയ പരീക്ഷണമാണ് നേട്ടത്തിന് വഴിത്തിരിവായത്. മുട്ടത്തോടിനുള്ളിൽ നേർത്ത സുഷിരം തീർത്ത് അതിലൂടെയാണ് ചിത്രം വരയ്ക്കുന്നത്.സുഷിരത്തിലൂടെ കറുത്ത മഷിയുള്ള റീഫില്ലർ കടത്തി മഹാത്മാഗാന്ധിയുടെ ചിത്രമാണ് ആദ്യം വരച്ചത്. പിന്നീട് കുങ്കുമവും പച്ചയും മഷിയുള്ള റീഫില്ലറുകൾ ഉപയോഗിച്ച് ദേശീയ പതാകയുടെ പശ്ചാത്തലമൊരുക്കി. മണിക്കൂറകളെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. ഇന്ത്യൻ റെക്കാഡ്‌സ് വക്താക്കൾ ചിത്രം പരിശോധിച്ച് അംഗീകരിച്ചപ്പോൾ അജയിന്റെ നേട്ടത്തിന് തിളക്കമേറി.
പഠനത്തിലും ചിത്രരചനയിലും നാടകാഭിനയത്തിലും ഒരുപോലെ തിളങ്ങിയ അജയിനെ നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. സജി ജോസഫ്, ബർസാർ ഫാ. ജസ്റ്റിൻ കണ്ണാടൻ, പ്രൊഫ. ലിസി പോൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ , പൂർവവിദ്യാർത്ഥികൾ തുടങ്ങിയവർ അനുമോദിച്ചു. പോത്താനിക്കാട് വെട്ടിക്കുഴിയിൽ ജോണിന്റെയും റോസിലിയുടെയും മകനാണ്.
ലോക്ക്ഡൗൺ കാലത്ത് വ്യത്യസ്തമായ ഏന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് സാഹസിക ചിത്രരചനക്ക് പ്രേരകമായത്. സൂക്ഷ്മതയ്ക്കും കഠിനാദ്ധ്വാനത്തിനും ലഭിച്ച അംഗീകാരമായാണ് നേട്ടത്തെ കാണുന്നത്.
അജയ് വി.ജോൺ