കൊച്ചി: വൈറ്റില ഫ്ളൈ ഓവർ നിർമ്മാണത്തിൽ ഇനി ശേഷിക്കുന്നത് അവസാനഘട്ട ജോലികൾ മാത്രം. പാലാരിവട്ടം ഭാഗത്തെ അപ്രോച്ച് റോഡ് ഫില്ലിംഗ് പൂർത്തിയായി. തെളിഞ്ഞ കാലാവസ്ഥയിൽ പൂർത്തിയാക്കേണ്ട മാസ്റ്റിക് ആസ്ഫാൾട്ട് ജോലികൾക്കുള്ള തൊഴിലാളികൾ ക്വാറന്റൈൻ പൂർത്തിയാക്കി. നാളെ പ്രവർത്തനങ്ങൾ ആരംഭിക്കും. ടാറിംഗും മറ്റ് അനുബന്ധ ജോലികളും പൂർത്തിയാക്കുന്നതിനും സമയക്രമം നിശ്ചയിച്ചു. ഇവ ഉടൻ പൂർത്തിയാക്കി ഫ്ളൈ ഓവർ ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതിന് പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
നിർമ്മാണപുരോഗതി ജില്ലാ കളക്ടർ എസ്. സുഹാസ് സ്ഥലം സന്ദർശിച്ച് വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.