മൂവാറ്റുപുഴ: വാഹനങ്ങളുടെ രൂപമാറ്റം വരുത്തി മോടികൂട്ടാൻ ശ്രമിച്ചാൽ പണിപാളുമെന്ന മുന്നറിയിപ്പുമായി മോട്ടോർവാഹനവകുപ്പ്. നിയമങ്ങൾ ലംഘിച്ച് രൂപമാറ്റംവരുത്തി മോടിപിടിപ്പിച്ചതിലൂടെ സമൂഹമാദ്ധ്യമങ്ങളിലും മറ്റും വൈറലായ ഫ്രീക്കൻ വാഹനത്തിന്റെ രജിസ്‌ട്രേഷനാണ് താത്കാലികമായി റദ്ദാക്കിയത്. കോലഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇസുസുവിന്റെ (ഡി - മാക്‌സ് വി - ക്രോസ്) വാഹനത്തിന്റെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്. സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതാണ് കെ.എൽ-17 ആർ 80 എന്ന നമ്പരിലുള്ള വാഹനം. മോട്ടോർ വാഹന നിയമപ്രകാരം മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്‌പോർട്ട് ഒാഫീസറാണ് നടപടി എടുത്തത്. വാഹനത്തിൽ വരുത്തിയിട്ടുള്ള മോടിപിടിപ്പിക്കൽ ഒഴിവാക്കി വാഹനം ഹാജരാക്കുന്നത് വരെയോ അല്ലെങ്കിൽ ആറ് മാസത്തേക്കോ ആയിരിക്കും സസ്‌പെൻഷൻ. നിലവിൽ അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ അനധികൃതമായ മാറ്റങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ സ്ഥിരമായി റദ്ദാക്കും. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്താൻ സാമൂഹ്യമാദ്ധ്യമങ്ങളിൽ പരിശോധന നടത്താൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. ഇത്തരം പരിശോധനയിലാണ് ഈ വാഹനം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പിഴ അടയ്ക്കാനും വാഹനം പഴയപടിയാക്കാനും നിർദേശിച്ചിരുന്നു. ഇത് നടപ്പാക്കാതിരുന്നതിനാലാണ് രജിസ്ട്രേഷൻ താത്കാലികമായി റദ്ദാക്കിയത്.
രൂപമാറ്റം ഇങ്ങനെ
വാഹനത്തിന്റെ ബമ്പർ ഇളക്കിമാറ്റി
വശങ്ങളിലേക്ക് തളളിനിൽക്കുന്ന വലിയചക്രങ്ങൾ ഘടിപ്പിച്ചു
അതിതീവ്രപ്രകാശമുള്ള ലൈറ്റുകൾ സ്ഥാപിച്ചു
വലിപ്പമുള്ള ക്രാഷ് ഗാർഡുകൾ സ്ഥാപിച്ചു