sc-flat
കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതി പ്രകാരം പട്ടിക ജാതിക്കാർക്കായി നിർമ്മിച്ച ഫ്ളാറ്റ്

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതി പ്രകാരം പട്ടിക ജാതിക്കാർക്കായി നിർമ്മിച്ച ഫ്ളാറ്റ് ഉപഭോക്താക്കളുടെ പട്ടികയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അനധികൃതമായി ഉൾപ്പെടുത്തിയത് വിവാദമായി. സർക്കാർ മാനദണ്ഡപ്രകാരം പരിശോധനയിൽ പൂജ്യം മാർക്ക് ലഭിച്ച വ്യക്തിയെ എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് പ്രതിപക്ഷ ആരോപണം.

മുതിരക്കാട് നാല് ബ്ളോക്കുകളിലായി മൂന്ന് നിലകളിൽ 12 ഫ്ളാറ്റുകളാണ് നിർമ്മിച്ചത്. മുൻ ഭരണസമിതി ഫ്ളാറ്റിന് അടിത്തറ നിർമ്മിച്ചപ്പോഴേക്കും പണം തീർന്ന് നിർമ്മാണം അവസാനിപ്പിച്ചത് നിലവിലെ ഭരണസമിതി ലൈഫ് പദ്ധതിയിൽപ്പെടുത്തി പുതുജീവൻ നൽകുകയായിരുന്നു. 60 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. അർഹരെ തിരഞ്ഞെടുക്കുന്നതിനായി പ്രസിഡന്റ് കെ.എ. രമേശ്, അംഗങ്ങളായ വി.വി. മന്മഥൻ, ലിസി സെബാസ്റ്റ്യൻ, അനുകുട്ടൻ, സതി ടീച്ചർ, അസി. സെക്രട്ടറി എന്നിവടരങ്ങിയ സബ് കമ്മിറ്റിയെ നിശ്ചയിച്ചിരുന്നു. കമ്മിറ്റി അംഗങ്ങളിൽ ലിസിയും അനുകുട്ടനും കോൺഗ്രസ് പ്രതിനിധികളാണ്.

12 അർഹരെ തിരഞ്ഞെടുക്കാൻ 22 പേരുടെ പട്ടിക തയ്യാറാക്കിയതിൽ 12 -ാം നമ്പറുകാരനായിരുന്നു അശോകൻ. ഈ പട്ടികയെ പ്രതിപക്ഷം എതിർത്തതിനെ തുടർന്ന് ആക്ഷേപങ്ങൾ സ്വീകരിക്കാൻ പരസ്യപ്പെടുത്തി. അഞ്ച് ആക്ഷേപങ്ങൾ ലഭിക്കുകയും പട്ടികയിലെ രണ്ട് പേർ സ്വയം ഒഴിവാകുകയും ചെയ്തതോടെ ബ്രാഞ്ച് സെക്രട്ടറി പട്ടികയിൽ എട്ടാമതായി. ഈ ലിസ്റ്റിന് അംഗീകാരം നേടുന്നതിനായി ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും ഉൾപ്പെടുത്തിയിരുന്നു.

പ്രതിപക്ഷം ഇറങ്ങിപ്പോയി ധർണ നടത്തി

അനർഹമായി സി.പി.എം നേതാവിനെ ഉൾപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷം കമ്മിറ്റിയിൽ നിന്നും ഇറങ്ങി ധർണ നടത്തി. അനധികൃതമായി ബ്രാഞ്ച് സെക്രട്ടറിയെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് എം.ഐ. ഇസ്മായിൽ അറിയിച്ചു.അതേസമയം, നിശ്ചയിച്ച പട്ടിക പ്രകാരം 14ന് ലളിതമായ ചടങ്ങുകളോടെ ഫ്ളാറ്റ് അനുവദിച്ചവർക്കുള്ള താക്കോൽദാന ചടങ്ങ് നടത്തുമെന്ന് പ്രസിഡന്റ് കെ.എ. രമേശ് അറിയിച്ചു.

പട്ടികയിൽ അനർഹരില്ലെന്ന് പ്രസിഡന്റ്

ഫ്ളാറ്റ് അനുവദിച്ചവരുടെ പട്ടികയിൽ അനർഹർ ഇല്ലെന്ന് പ്രസിഡന്റ് കെ.എ. രമേശ് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ ആക്ഷേപമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. അർഹരെ തിരഞ്ഞെടുത്ത സബ് കമ്മിറ്റി മൂന്ന് വട്ടം ചേർന്നിരുന്നു. അപ്പോഴൊന്നും പ്രതിപക്ഷത്തെ രണ്ടംഗങ്ങളും ആക്ഷേപം ഉന്നയിച്ചിട്ടില്ല. അതിനാൽ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ഫ്ളാറ്റ് പണിത സ്ഥലത്തോട് ചേർന്ന് 13 സെന്റ് സ്ഥലം കൂടി വാങ്ങിയിട്ടുണ്ട്. ഇതിന് പുറമെ 10 സെന്റ് സ്ഥലം വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.