accident-
അപകടത്തിൽപ്പെട്ട സ്വകാര്യ ബസ്

പെരുമ്പാവൂർ: കുറുപ്പംപടിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിലിടിച്ച് പത്തോളം യാത്രക്കാർക്ക് പരിക്ക്. കോതമംഗലം ആലുവ റൂട്ടിൽ ഓടുന്ന ഉത്രം എന്ന സ്വകാര്യ ബസാണ് ഇന്നലെ രാവിലെ 7.20 ഓടെ മുടക്കിരായിയിൽ അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് സാരമല്ല. പരിക്കേറ്റവരെ കുറുപ്പംപടി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ ഓവർടേക്ക് ചെയ്ത് വന്ന ബൈക്കുകാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകർന്നു. നാട്ടുകാരും കുറുപ്പംപടി പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ബസ് അമിതവേഗത്തിലായിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് കുറുപ്പംപടി പൊലീസ് അറിയിച്ചു.