കൊച്ചി: അത്യാധുനിക സംവിധാനങ്ങളുമായി എറണാകുളം മെഡിക്കൽ കോളേജിന്റെ മുഖം മാറുന്നു. ആർദ്രം പദ്ധതി, അത്യാധുനിക ഐ.സി.യു, പി.സി.ആർ ലാബ്, മോർച്ചറി, പവർ ലോൺട്രി, ഡിജിറ്റൽ ഫ്ളൂറോസ്കോപ്പി മെഷീൻ, സി.സി.ടി.വി തുടങ്ങിയവയാണ് മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കുന്നത്. കോളേജിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും.വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.
ആർദ്രം പദ്ധതി
ആർദ്രം മിഷന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ 3.8 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ഒ.പി. മുറികൾ നവീകരിച്ചും കാത്തിരിപ്പ് കേന്ദ്രങ്ങളും, മികച്ച ഇരിപ്പിടങ്ങളും, ശുചിമുറികളും സ്ഥാപിച്ചും ഒ.പി ബ്ലോക്കുകളുടെ സമഗ്ര
നവീകരണം നടപ്പിലാക്കി രോഗി സൗഹൃദമാക്കി. ഒ.പി ബ്ലോക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് സ്‌കൈ ബ്രിഡ്ജുകളാണ് സ്ഥാപിച്ചത്. എട്ട് കൗണ്ടറുകൾ സ്ഥാപിച്ച് ഒ.പി. കൗണ്ടർ വിശാലമാക്കി. ഇ ഹെൽത്ത് പദ്ധതിയും എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആരംഭിച്ചു കഴിഞ്ഞു. ഒ.പി.കളിൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി.
അത്യാധുനിക ഐ.സി.യു.
നാല് കോടി രൂപ ചെലവിട്ട് നവീകരിച്ച ഐ.സി.യു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യ ഐ.സി.യു ആയി പ്രവർത്തിക്കും. എക്‌മോ മെഷീൻ വെന്റിലേറ്റർ അടക്കമുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഒരേ സമയം എഴുപതോളം രോഗികളെ കിടത്തി ചികത്സിക്കാൻ കഴിയും. സിപാപ് സൗകര്യമുള്ള പതിനാറ് വെന്റിലേറ്ററുകളും, രണ്ട് എ.ബി.ജി. മെഷീനുകളും, ഒരു അൾട്രാസൗണ്ട് സ്‌കാനിംഗ് ആൻഡ് എക്കോ മെഷീനും സ്ഥാപിച്ചിട്ടുണ്ട്.
പി.സി.ആർ. ലാബ്
കൊവിഡ് പരിശോധനയ്ക്കായി ദ്രുതഗതിയിലാണ് 1.63 കോടി രൂപ ചെലവഴിച്ച് ആർ.ടി.പി.സി.ആർ. ലാബ് സജ്ജമാക്കിയത്.
മോർച്ചറി
പോസ്റ്റ്‌മോർട്ടം തീയേറ്റർ റൂമുകളുടേയും മോർച്ചറിയുടേയും സമഗ്ര വികസനം ലക്ഷ്യമാക്കി ആധുനിക മോർച്ചറി സംവിധാനമാണ് സജ്ജമാക്കിയത്. ഒരേ സമയം 12 മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന ബ്ലൂ സ്റ്റാർ ഫ്രീസറാണ് സ്ഥാപിച്ചിരിക്കുന്നത്. 80 ലക്ഷം രൂപയാണ് മോർച്ചറി നവീകരണത്തിനായി ചെലവായത്.
പവർ ലോൺട്രി
മുപ്പത് കിലോഗ്രാം കപ്പാസിറ്റിയുള്ള ഒന്നും അറുപത് കിലോഗ്രാം വീതം കപ്പാസിറ്റിയുള്ള രണ്ട് വാഷിംഗ് മെഷീനുകളും, അമ്പത് കിലോഗ്രാം കപ്പാസിറ്റിയുള്ള ഒരു ടമ്പൾ ഡ്രയർ റും ഒരു ഫ്ളാറ്റ് വർക്ക് അയണറും ഉൾപ്പെടെ 65 ലക്ഷം ചെലവഴിച്ചാണ് നൂതന പവർ ലോൺട്രി സജ്ജമാക്കിയത്.
ഡിജിറ്റൽ ഫ്ളൂറോസ്കോപ്പി മെഷീൻ
ഇരുപത്തിയഞ്ച് കോടി രൂപ ചെലവിൽ എം.ആർ.ഐ. അടക്കമുള്ള സംവിധാനങ്ങളോടെ മെഡിക്കൽ കോളേജിൽ സ്ഥാപിച്ചുവരുന്ന ഇമേജിംഗ് സെന്ററിന്റെ ഭാഗമായി ഒന്നര കോടി രൂപ വിലയുള്ള ഡിജിറ്റൽ ഫ്ളൂറോസ്കോപ്പി മെഷീൻ സ്ഥാപിച്ചത്.
സിസിടിവി
98.8 ലക്ഷം രൂപ ചെലവഴിച്ചാണ് 130 ക്യാമറകളുള്ള സിസിടിവി സംവിധാനം സജ്ജമാക്കിയത്. കൂടാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐസിയുകളിൽ 20 ക്യാമറകൾ കൂടി സ്ഥാപിച്ചു.