കൊച്ചി: ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായി അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ എൻ.ഇ.ബി സ്‌പോർട്‌സ് സംഘടിപ്പിക്കുന്ന 'ഐ.ഡി.ബി.ഐ ഫെഡറൽ ഫ്യൂച്ചർ ഫിയർലെസ് ചാമ്പ്യൻസ് ചലഞ്ചിൽ' രാജ്യത്തെ പ്രമുഖ കായിക താരങ്ങളും പരിശീലകരും പങ്കെടുക്കും. പ്രമുഖ സ്പ്രിന്റർ ഹിമദാസ്, ജാവലിൻ താരം നീരജ് ചോപ്ര, ബാഡ്മിന്റൺ ദേശീയ കോച്ച് പി.ഗോപിചന്ദ് തുടങ്ങിയവർ 13 മുതൽ 27 വരെ നടക്കുന്ന ചലഞ്ചിന്റെ ഭാഗമാവും. ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയിൽ രാജ്യമൊട്ടാകെ പതിനയ്യായിരം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമാവുന്നവർ കാമ്പയിൻ കാലയളവായ 15 ദിവസവും കുറഞ്ഞത് രണ്ടര കിലോമീറ്ററോ പരമാവധി പത്തു കിലോമീറ്ററോ ഓടുകയോ നടക്കുകയോ വേണം. 15 ദിവസങ്ങളിലായി 15 വ്യത്യസ്ത കായിക മേഖലകളിലെ താരങ്ങൾ ലളിതവും ഉപയോഗപ്രദവുമായ വ്യായാമരീതികൾ പരിപാടിയിൽ പങ്കെടുക്കുന്നവരുമായി പങ്കിടും. https://click2race.com/#/