തൃക്കാക്കര: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ തലത്തിൽ നടപ്പാക്കാൻ തയ്യാറെടുക്കണമെന്ന് കളക്ടർ എസ്. സുഹാസ് ആവശ്യപ്പെട്ടു. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് നിർദേശം.

ജില്ലയിൽ കോവിഡ് മൂലമുള്ള മരണങ്ങൾ നിയന്ത്രിക്കുന്നതിൽ ആരോഗ്യപ്രവർത്തകർ പ്രഥമ പരിഗണന നൽകണം. ആക്ടീവ് സർവെയ്‌ലൻസ് വഴി കോവിഡ് രോഗലക്ഷണമുള്ള എല്ലാവരെയും കണ്ടെത്തുകയും അവർക്ക് സെൽഫ് ക്വാറന്റെയിൻ നിർദേശിക്കുകയും ചെയ്യണം. രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വികേന്ദ്രീകൃതമായി നടപ്പാക്കണം. രോഗലക്ഷണം ഉള്ളവർക്ക് ബന്ധപ്പെടാൻ ഫോൺ നമ്പറുകൾ നൽകണം. എഫ്. എൽ.ടി.സികൾ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. രോഗലക്ഷണങ്ങൾ ഇല്ലാത്ത പോസിറ്റീവ് രോഗികൾക്ക് വീടുകളിൽ സൗകര്യമുണ്ടെങ്കിൽ അവിടെത്തന്നെ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യമായ സൗകര്യം ഒരുക്കണം. ആവശ്യമായ വാഹനസൗകര്യങ്ങൾ എല്ലാ എഫ്. എൽ. ടി. സി കളിലും ഉണ്ടെന്ന് ഉറപ്പാക്കണം.
രോഗലക്ഷണമുള്ള മരണങ്ങളിൽ സാമ്പിളുകൾ പരിശോധനക്ക് അയച്ച ശേഷം മുൻകരുതലുകൾ സ്വീകരിച്ചു വേണം സംസ്‌കരിക്കാൻ. കണ്ടെയ്ൻമെന്റ് സോണുക്കളുടെ പ്രഖ്യാപനം പരമാവധി ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത നിലയിൽ ആവണം. പ്രദേശത്ത് കൂടുതൽ രോഗികൾ ഇല്ലാത്ത സാഹചര്യത്തിൽ ഒരാഴ്ചയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോൺ തുടരുന്നില്ലെന്ന് മെഡിക്കൽ ഓഫീസർമാർ ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവർ സംസാരിച്ചു.