തോപ്പുംപടി: പുനർവിവാഹം നടത്തിയിട്ടില്ലെന്ന സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ വിധവാ പെൻഷൻകാരുടെ നെട്ടോട്ടം. സർട്ടിഫിക്കറ്റ് നൽകാത്ത കാരണംപറഞ്ഞ് അധികൃതർ പെൻഷൻ നൽകാതെ നീട്ടിക്കൊണ്ടുപോകുകയാണ്.
പശ്ചിമകൊച്ചിയിൽ മാത്രം ഇരുനൂറോളം പേരാണ് ഇത്തരത്തിൽ പെൻഷൻ പട്ടികയിൽനിന്ന് പുറത്തായത്. സർക്കാർ സാമൂഹ്യക്ഷേമ പെൻഷനുകൾ ഏറെയും നഗരസഭ വഴിയാണ് വിതരണം നടത്തുന്നത്. ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവ് മരണമടഞ്ഞവർ, വിവാഹമോചനം നേടിയവർ എന്നിവർക്കാണ് പെൻഷന് അർഹതയുള്ളത്. ആയിരം രൂപ എന്നുളളത് 1400 രൂപയാക്കി ഉയർത്തിയപ്പോഴാണ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ പലരും ഒഴിവായത്. പെൻഷൻ തുടർന്ന് ലഭിക്കണമെങ്കിൽ വീണ്ടും വിവാഹിതരായിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ചട്ടം.
വിവിധ സാമുദായിക കേന്ദ്രങ്ങളിൽ നിന്ന് പുനർവിവാഹം നടത്തിയിട്ടില്ലെന്ന കത്ത് വാങ്ങി അക്ഷയകേന്ദ്രം, വില്ലേജാഫീസ് എന്നിവിടങ്ങളിൽ പോയാൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. പലദിവസങ്ങൾ വിവിധ ഓഫീസുകൾ കയറിയിറങ്ങി മടുത്തിരിക്കുകയാണ് പലരും. കൊവിഡ് വ്യാപനകാലത്തും ഇത് വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് പലരും. പ്രതിഷേധങ്ങൾ രൂക്ഷമായപ്പോൾ 50 വയസിനു മുകളിലുള്ള ചിലർക്ക് പെൻഷൻ നൽകാൻ പരിഗണിച്ചതായി നഗരസഭാ കൗൺസിലർമാർ പറയുന്നു.