kerala-high-court

കൊച്ചി : സമീപകാലത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളിയാണ് തീവ്രവാദമെന്നും ഇതിനെ നേരിടാൻ പുതിയരീതികളും ആയുധങ്ങളും നിയമങ്ങളും തന്ത്രങ്ങളും അനിവാര്യമാണെന്നും എറണാകുളം എൻ.ഐ.എ കോടതി അഭിപ്രായപ്പെട്ടു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസിലെ പ്രതികളായ അലനും താഹയ്ക്കും ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

തീവ്രവാദമെന്നത് ക്രിമിനൽ കുറ്റത്തിനപ്പുറത്തേക്ക് വളരുന്ന സാഹചര്യത്തിൽ നിയമം നടപ്പാക്കുന്നവർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അതിനാലാണ് യു.എ.പി.എ ഉൾപ്പെടയുള്ള നിയമങ്ങൾ നടപ്പാക്കുന്നത്. ഇത്തരം നിയമങ്ങളിൽ ജാമ്യം അനുവദിക്കുന്നതിനും മറ്റും കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഇതിന്റെ പേരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്നും എൻ.ഐ.എ കോടതി ജഡ്ജി അനിൽ. കെ. ഭാസ്കറിന്റെ വിധിന്യായത്തിൽ പറയുന്നു.

പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ ഇവർ നിരോധിത സംഘടനയിൽ ചേർന്ന് രാജ്യത്തിനെതിരെ യുദ്ധം നയിക്കുമെന്ന് പ്രോസക്യൂഷൻ വാദിച്ചു. എന്നാൽ തീവ്രവാദ സംഘടനയിൽ അംഗമാണെന്നതു കൊണ്ടുമാത്രം വ്യക്തികൾക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്താനാവില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത്തരമൊരു വാദം പൂർണമായും തള്ളിക്കളയാൻ കഴിയില്ലെന്ന് കോടതിയും അഭിപ്രായപ്പെട്ടു.