പറവൂർ : പറവൂർ മേഖലയിൽ കൊവിഡ് കേസുകളുടെ വർധന അതിവേഗത്തിലെന്ന് നിഗമനം. ആദ്യഘട്ടത്തിൽ പിടിച്ചുനിന്ന നഗരസഭയിലാണ് കൂടുതൽ കേസുകൾ. നിലവിൽ 41 പേരാണ് പോസിറ്റീവായി തുടരുന്നത്. മിക്കതും ഒരാഴ്ചയ്ക്കിടെ സ്ഥിരീകരിച്ചതാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പതിനൊന്ന് പേർക്ക് പോസിറ്റീവായി. പുത്തൻവേലിക്കര പഞ്ചായത്തിൽ പത്ത് പേർ പോസിറ്റീവായി തുടരുന്നു. കഴിഞ്ഞ ദിവസം എട്ടാം വാർഡ് കോഴിത്തുരുത്തിൽ ഉറവിടമറിയാതെ ഒരു വീട്ടിലെ അഞ്ചു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴിക്കരയിൽ നിലവിൽ ഏഴ് പേർ പോസിറ്റീവായി തുടരുന്നു. നാലാം വാർഡ് നന്ത്യാട്ടുകുന്നത്ത് കഴിഞ്ഞദിവസം അമ്മയക്കും മകൾക്കും പോസിറ്റീവായി. വടക്കേക്കരയിൽ ഒമ്പതും ചിറ്റാറ്റുകരയിൽ ആറും ചേന്ദമംഗലത്ത് രണ്ടു പേർ പോസിറ്റീവായി തുടരുന്നുണ്ട്. സ്ഥിതി രൂക്ഷമായാൽ സമ്പർക്കപ്പട്ടിക തയാറാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാളിച്ചകൾ സംഭവിച്ചേക്കാം. ആദ്യ ഘട്ടത്തെക്കാൾ പ്രതിസന്ധിയിലൂടെയാണ് നിലവിൽ കടന്നുപോകുന്നതെന്നാണ് അധികൃതർ പറയുന്നത്. ജനങ്ങൾ സ്വയം മുൻകരുതലെടുക്കണം. ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കുകയും വേണം. രോഗം പിടിപെടാനുള്ള സാധ്യത എല്ലായിടത്തുമുണ്ടെന്ന തിരിച്ചറിവോടെവേണം ഓരോ പ്രവൃത്തികളും. അനാവശ്യമായ ഒത്തുചേരലുകൾ ഒഴിവാക്കുകയും കൈകൾ വൃത്തിയായി സൂക്ഷിക്കുകയും ശുചിത്വം പാലിക്കുകയും വേണമെന്ന് അധികൃതർ പറഞ്ഞു.