.
# ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കൗൺസിൽ ബഹിഷ്‌കരിച്ചു
കൊച്ചി: 2018- 19 ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള ക്രമക്കേടുകളുടെ യാഥാർഥ്യം കണ്ടെത്തി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് മേയറുടെ നിർദേശം. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം നോർത്ത് ടൗൺ ഹാളിൽ ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് മേയർ ഈ നിർദേശം നൽകിയത്.അതേസമയം, ഓഡിറ്റ് റിപ്പോർട്ടിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവച്ച് മേയറും ഡെപ്യൂട്ടി മേയറും കൈകഴുകുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷം മേയറുടെ മറുപടി പ്രസംഗം തടസപ്പെടുത്തുകയും മുദ്രാവാക്യം മുഴക്കി യോഗനടപടികൾ ബഹിഷ്‌കരിക്കുകയും ചെയ്തു.പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം 2015 മുതൽ 19 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടുകൾ ചർച്ച ചെയ്യുന്നതിനായാണ് ഇന്നലെ പ്രത്യേക കൗൺസിൽ ചേർന്നത്. എന്നാൽ നാല് വർഷത്തെ റിപ്പോർട്ടുകൾ ഒരുമിച്ച് ചർച്ച ചെയ്യാനുള്ള സമയമില്ലെന്നും 2018 -19 ലെ റിപ്പോർട്ട് മാത്രം ചർച്ചയ്‌ക്കെടുത്താൽ മതിയെന്നും പ്രതിപക്ഷം ആദ്യം തന്നെ ആവശ്യപ്പെട്ടു. മറ്റ് റിപ്പോർട്ടുകൾ ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ വിളിക്കണമെന്നും പറഞ്ഞു.
ഇതേ തുടർന്ന് 18 -19 ലെ റിപ്പോർട്ട് മാത്രമാണ് ഇന്നലെ ചർച്ചയ്ക്ക് എടുത്തത്.ചർച്ചയുടെ ആരംഭത്തിൽ തന്നെ സംസാരിച്ച പ്രതിപക്ഷാംഗങ്ങൾ റിപ്പോർട്ടിലെ വീഴ്ച്ചകൾ ഓരോന്നായി ഉന്നയിച്ച് മേറേയും ഭരണപക്ഷത്തെയും വിമർശിച്ചു. നഗരസഭയ്ക്ക് കിട്ടേണ്ടിയിരുന്ന വരുമാനം നഷ്ടപ്പെടുത്തിയെന്നും രസീതുകൾ തിരുമറി നടത്തി പണാപഹരണം നടത്തിയെന്നും മേയർ ഔദ്യോഗിക വാഹനം വാങ്ങിയതിലെ നിയമലംഘനങ്ങളും ഉൾപ്പടെ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. കഴിഞ്ഞ ഒരു വർഷം മാത്രം 127 കോടിയുടെ നഷ്ടം നഗരസഭയ്ക്കുണ്ടാക്കിയതായാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളതെന്നും പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണിയും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് വി.പി. ചന്ദ്രൻ വിമർശനം ഉന്നയിച്ചു.അതേസമയം വാഹനം വാങ്ങിയതിൽ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. ഫിനാൻസ് കമ്മിറ്റിയുടെ അനുമതിയോടെയാണ് പഴയ വാഹനം ലേലത്തിൽ വിറ്റ് പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം എടുത്തത്. അതിന് കൗൺസിലിന്റെ അംഗീകാരവും ലഭിച്ചു. ഇതു സംബന്ധിച്ച പ്രതിപക്ഷത്തെ ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നും മറ്റ് ആരോപണങ്ങൾ സംബന്ധിച്ച് സെക്രട്ടറി തലത്തിൽ അന്വേഷണം നടത്തുമെന്നും മേയർ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വച്ച് സീറ്റിൽ നിന്നെഴുന്നേറ്റു. ഓഡിറ്റ് റിപ്പോർട്ടിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് മേയർ നടത്തുന്നതെന്നും ഉദ്യോഗസ്ഥർക്കുള്ളപ്പോലെ ഭരണ നേതൃത്വത്തിനും ഇതിൽ ഉത്തരവാദിത്തം ഉണ്ടെന്നും പ്രതിപക്ഷം പറഞ്ഞു. തുടർന്ന് മേയറുടെ മറുപടി പ്രസംഗം തടസപ്പെടുത്തി പ്രതിപക്ഷം ഹാൾ വിട്ട് ഇറങ്ങിപ്പോയി.