തൃപ്പൂണിത്തുറ: ശാരീരിക അസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ പൂത്തോട്ട ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ ബസ് ജീവനക്കാരായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കണ്ടക്ടർ അടിമാലി ഇരുമ്പുപാലം ഞാലുതൊടിയിൽ നിതീഷ് (35), ഡ്രൈവർ ഊരമന പ്ലാപ്പിള്ളിയിൽ വീട്ടിൽ ദിലീപ് കുമാർ (51) എന്നിവരെയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റുചെയ്തത്.

ഉദയംപേരൂർ ഉണിക്കുന്നത്ത് കുറുപ്പശേരിൽ പുഷ്പനാണ് (57) സമയത്ത് ചികിത്സ ലഭിക്കാതെ സെപ്തംബർ മൂന്നിന് മരിച്ചത്. ജോലി കഴിഞ്ഞ് തൃപ്പൂണിത്തുറയിൽ നിന്ന് ഉദയംപേരൂരിലെ വീട്ടിലേയ്ക്കു പോകുന്നതിനായി പൂത്തോട്ടയ്ക്കു പോകുന്ന സ്വകാര്യ ബസിൽ കയറിയ പുഷ്പന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിട്ടും ആശുപത്രിയിലെത്തിക്കാതെ പൂത്തോട്ടയിലെ സ്റ്റാൻഡിൽ കിടത്തിയശേഷം ബസ് ജീവനക്കാർ പോയതായി

ഭാര്യ രാജി പൊലീസിന് പരാതി നൽകിയിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇരുവരെയും പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. ബസ് കഴിഞ്ഞദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു.