കൊച്ചി: ഇന്ത്യയിൽ നിർമ്മിച്ച ടഗ്ഗ് ബോട്ടുകൾ മാത്രം ഇനി വാങ്ങിയാൽ മതിയെന്ന് കേന്ദ്രഷിപ്പിംഗ് മന്ത്രാലയം രാജ്യത്തെ എല്ലാ പ്രധാന തുറമുഖങ്ങൾക്കും നിർദേശം നൽകി. തുറമുഖങ്ങളുടെ എല്ലാ പർച്ചേസുകളും ഇനി മേയ്ക്ക് ഇൻ ഇന്ത്യ തത്വം അനുസരിച്ചാകണം.
കപ്പൽ നിർമ്മാണ മേഖലയിൽ ഉൗർജം പകരുന്നതാണ് പുതിയ നിർദേശം.
പഴയ കപ്പൽശാലകളെ പുനരുദ്ധരിക്കാനും ഇന്ത്യയിലെ കപ്പൽ നിർമ്മാണം പ്രോത്സാഹിപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. നിർമ്മാണം മാത്രമല്ല, അറ്റകുറ്റപ്പണി, കപ്പൽ റീസൈക്ളിംഗ് തുടങ്ങിയ മേഖലയിലും ഇന്ത്യ ശ്രദ്ധയൂന്നണമെന്നാണ് സർക്കാർ നിലപാട്. വിദേശ ഓർഡറുകൾ നേടാനും കപ്പൽശാലകളെ സർക്കാർ സഹായിക്കും.
മേയ്ക്ക് ഇൻ ഇന്ത്യ തത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ കൊച്ചിൻ ഷിപ്പ്യാർഡ്, ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗ്, ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് പ്രതിനിധികളെ ഉൾപ്പെടുത്തി സ്റ്റാൻഡിംഗ് സ്പെസിഫിക്കേഷൻ കമ്മിറ്റിക്കും രൂപം നൽകും.
അടുത്തിടെ കൊച്ചിൻ ഷിപ്പ്‌യാർഡ് നോർവീജിയൻ സർക്കാരിന്റെ ജീവനക്കാർ ആവശ്യമില്ലാത്ത രണ്ട് ഓട്ടോമേറ്റഡ് കപ്പലുകളുടെ നിർമ്മാണ കരാർ നേടിയിരുന്നു.