കൊച്ചി: തേവര ഫെറി റോഡിൽ സെന്റ് തോമസ് സ്കൂളിന് സമീപമുള്ള ഡയമണ്ട് ടവർ ഫ്ളാറ്റിന്റെ തൂണ് പൊളിഞ്ഞ സംഭവത്തിൽ അഗ്നിശമന സേനാവിഭാഗം ഫ്ളാറ്റ് അസോസിയേഷന് കത്തുനൽകി. താമസക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കെട്ടിടത്തിന്റെ അപാകതകൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ക്ളബ് റോഡ് സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ് നിർദേശം നൽകി. പാർക്കിംഗ് ഏരിയയിലെ തൂണിലാണ് വിള്ളലുണ്ടായത്. സ്‌ട്രക്ചറൽ എൻജിനിയർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം കെട്ടിടം പരിശോധിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഫ്ളാറ്റിൽ കുലുക്കം അനുഭവപ്പെട്ടത്. വലിയശബ്ദംകേട്ട് ഭൂമി കുലുങ്ങിയതാണെന്ന ഭീതിയിൽ അന്തേവാസികളും സമീപവാസികളും പുറത്തിറങ്ങി. ഫ്ളാറ്റുകളിലെ ഫർണിച്ചറും പാത്രങ്ങളും കുലുങ്ങിയതായി താമസക്കാർ പറഞ്ഞു.

പത്തു നിലകളുള്ള ഫ്ളാറ്റ് സമുച്ചയത്തിന് 20 വർഷം പഴക്കമുണ്ട്. 30 താമസക്കാരാണ് ഇവിടെയുള്ളത്.

പില്ലറിന്റെ പ്ളാസ്റ്ററിംഗ് പൊട്ടിയിട്ടുണ്ട്. കമ്പിക്ക് വളവുണ്ട്. അതേസമയം പാക്കിംഗ് ഏരിയയിൽ നിന്ന് രണ്ടു മീറ്റർ അകലെയുള്ള മതിലിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ഫ്ളാറ്റ് സമുച്ചയത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ പ്ളാസ്റ്റർ ഇളകി വീണിട്ടുണ്ടെങ്കിലും കെട്ടിടം അപകടാവസ്ഥയിലല്ലെന്ന് ഡിവിഷൻ കൗൺസിലർ കെ.എക്സ്. ഫ്രാൻസിസ് പറഞ്ഞു.