carbon

കോലഞ്ചേരി: ഉലയുടെ ചൂടിൽ ആയുധങ്ങൾ പതം വരുത്തി മൂർച്ചകൂട്ടുന്ന കൊല്ലക്കുടിലുകളിലെ വെട്ടമണഞ്ഞിട്ട് നാളുകളായി. കൊവിഡിന്റെ വ്യാപനം കൂടുന്തോറും ഏറെ വലയുകയാണ് ഇക്കൂട്ടർ. നാട്ടിൽ കുടിപ്പണികൾ കുറയുന്നതിനാൽ ഇക്കാലത്ത് ആലയിൽ ആയുധങ്ങൾ കൊണ്ടുവരുന്നവരും കുറയുകയാണ്. തൊഴിലെടുക്കാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനയും ക്ഷാമവും കാരണം കൊല്ലപ്പണിക്കാർ നേരത്തെ തന്നെ കടുത്ത പ്രതിസന്ധിയിലായിരുന്നു. പിന്നാലെയാണ് ഇടിത്തീ പോലെ കൊവിഡുമെത്തിയത്. ഇരുമ്പ്, കരി എന്നിവയ്ക്കുണ്ടായ വിലക്കയ​റ്റവും ചിരട്ടയ്ക്കുള്ള ക്ഷാമവുമാണ് ഈ രംഗത്തെ പരമ്പരാഗത തൊഴിലാളികളെ കുഴക്കിയിരുന്നത്. ഈ തൊഴിൽ ചെയ്ത് ജീവിക്കുന്നവർക്ക് സർക്കാർ തലത്തിൽ നിന്ന് എന്തെങ്കിലും സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

ചിരട്ടയ്ക്ക് വില കൂടി

നാട്ടിൻപുറങ്ങളിൽ കൊപ്ര സംസ്‌കരണം നിലയ്ക്കുകയും ഉരിച്ച തേങ്ങ അതേപടി ഇതരസംസ്ഥാനങ്ങളിലേക്ക് കയ​റ്റിപ്പോകുകയും ചെയ്യുന്നതാണ് ചിരട്ടയ്ക്കും ചിരട്ടക്കരിക്കും ക്ഷാമംനേരിടാൻ പ്രധാന കാരണം. ചിരട്ടക്കരിക്ക് ഇരട്ടിയിലധികം വിലയും കൂടി. വിപണിയിൽ നിന്ന് ചിരട്ടക്കരി ഏതാണ്ട് അപ്രത്യക്ഷമായ നിലയാണ്. നാലുമാസം മുമ്പ് നൂറ് ചിരട്ടയ്ക്ക് അറുപത് മുതൽ എഴുപത് രൂപവരെയായിരുന്നു വില. ഇപ്പോൾ അത് നൂ​റ്റിയൻപത് രൂപവരെ എത്തി.

കൂലി തുച്ഛം

ഇരുമ്പിനും വിലകൂടി. ക്ഷാമം നേരിട്ടതോടെ ചിരട്ടയുള്ള സ്ഥലങ്ങൾ തേടിപ്പിടിച്ച് വാഹനങ്ങളിൽ എത്തിച്ച് കരിയാക്കിവേണം ഉലകൾ എരിയിക്കാൻ. റെഡിമെയ്ഡ് പണിയായുധങ്ങൾ വിപണിയിൽ സുലഭമായതിനാൽ ഉൽപാദനച്ചിലവിലുണ്ടായ വർദ്ധനയ്ക്ക് അനുസൃതമായി ഉത്പന്നങ്ങളുടെ വില കൂട്ടാനാകാത്ത സ്ഥിതിയുമുണ്ട്. തൂമ്പയോ മൺവെട്ടിയോ മൂർച്ചകൂട്ടുന്നതിനുള്ള അദ്ധ്വാനം വളര കൂടുതലാണ്. കൂലിയായ് ലഭിക്കുന്നത് 80 രൂപ മാത്രമാണ്.

കല്ലേലിൽ കുഞ്ഞുമ്മോൻ